ഭൂമി തരം മാറ്റം; ജനുവരി 16 മുതല്‍ പ്രത്യേക അദാലത്തുകൾ 

Share our post

ഫീസ് സൗജന്യത്തിന്റെ പരിധിയില്‍ വരുന്ന ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ജനുവരി 16 മുതല്‍ പ്രത്യേക അദാലത്തുകള്‍. അദാലത്തുകളില്‍ ഭൂവുടമകള്‍ വീണ്ടും അപേക്ഷകള്‍ നല്‍കേണ്ടി വരില്ലെങ്കിലും നേരിട്ട് എത്തേണ്ടി വരും.

നിലവില്‍ ഫോം ആറില്‍ ലഭിച്ച അപേക്ഷകള്‍ 27 റവന്യു ഡിവിഷന്‍ തലങ്ങളിലായി ആര്‍.ഡി.ഒ.മാര്‍ പരിഗണിക്കുന്ന തരത്തിലാണ് അദാലത്തുകള്‍ നടത്തുക. കുറവ് അപേക്ഷകള്‍ ഉള്ള റവന്യു ഡിവിഷനുകളിലാകും ആദ്യം അദാലത്തുകള്‍.

ഒന്നര മാസത്തിനകം മുഴുവന്‍ ഡിവിഷനുകളിലും അദാലത്തുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അദാലത്തുകളുടെ തീയതികള്‍ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന റവന്യു സെക്രട്ടേറിയറ്റ് നിശ്ചയിക്കും. കൂടുതല്‍ അപേക്ഷകളുള്ള ജില്ലകളില്‍ രണ്ട് ദിവസം അദാലത്തുകള്‍ നടത്താന്‍ ആലോചനയുണ്ട്. 

25 സെന്റില്‍ താഴെ വിസ്തൃതിയുള്ളതും ഫീസ് അടയ്‌ക്കേണ്ടത് ഇല്ലാത്തതുമായ അപേക്ഷകളാണ് ഫോം ആറില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇവ 1.26 ലക്ഷം വരും. ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ അദാലത്തുകളുടെ ഭാഗമാകും.

പിന്തുടര്‍ച്ച അവകാശം വഴിയോ വില്‍പന വഴിയോ ലഭിച്ച ‘നിലം’ എന്നു രേഖപ്പെടുത്തിയ ഭൂമി, തരംമാറ്റാന്‍ ഫോം ആറില്‍ ലഭിച്ച അപേക്ഷകളില്‍, മുന്‍ ഭൂവുടമക്ക് ഉണ്ടായിരുന്ന സ്ഥലത്തിന്റെ വിസ്തൃതി 25 സെന്റില്‍ ഏറെ ആണെങ്കില്‍ അത്തരം അപേക്ഷകള്‍ അദാലത്തുകളുടെ പരിഗണനയില്‍ വരില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!