ബൈക്കുകളും ഇനി ബസ് കയറിവരും; ബൈക്ക് എക്‌സ്പ്രസുമായി കെ.എസ്.ആര്‍.ടി.സി

ട്രെയിനുകളിലേതുപോലെ ബൈക്കും സ്കൂട്ടറുമെല്ലാം ദൂരസ്ഥലങ്ങളിലേക്കെത്തിക്കാൻ ‘ബൈക്ക് എക്‌സ്പ്രസ്’ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. കൊറിയർ സർവീസ് വിജയമായതിനു പിന്നാലെ ലോജിസ്റ്റിക്സ് സർവീസ് വിപുലീകരിക്കുന്നതിൻ്റെ ഭാഗമായുള്ള പദ്ധതി ഉടൻ തുടങ്ങും.
പ്രത്യേക വാനുകളിലാകും ഇരുചക്രവാഹനങ്ങളെത്തിക്കുക. പഴയ ബസ്സുകൾ ഇതിനായി ഉപയോഗിക്കും. കെ.എസ്.ആർ.ടി.സി.ക്ക് മുൻപ് ലോജിസ്റ്റിക്ക് വാനുകളുണ്ടായിരുന്നു. ആ മാതൃകയിലും രൂപത്തിലുമാകും പുതിയവയും തയ്യാറാക്കുക. പൊതുജനങ്ങളുടെ പ്രതികരണവും അഭിപ്രായവും പരിഗണിച്ചശേഷമാകും പദ്ധതിക്ക് അന്തിമരൂപം നൽകുക.
നിരക്ക് നിശ്ചയിച്ചിട്ടില്ല. നിലവിൽ തീവണ്ടി മുഖേനയും ചരക്ക് ഗതാഗത കമ്പനികൾ വഴിയുമാണ് ഇരുചക്രവാഹനങ്ങൾ അയക്കുന്നത്. അതിനെക്കാൾ നിരക്ക് കുറയ്ക്കാനാണ് കെ.എസ്.ആർ.ടി.സി.യുടെ ശ്രമം. ട്രെയിനും സ്വകാര്യ സ്ഥാപനങ്ങളുടെ സർവീസുമില്ലാത്ത റൂട്ടുകൾ കോർപ്പറേഷൻ കൂടുതലായി പ്രയോജനപ്പെടുത്തും.
കെ.എസ്.ആർ.ടി.സി.യുടെ കൊറിയർ സർവീസ് ലാഭത്തിലാണ്. ആദ്യഘട്ടത്തിൽ കുറവായിരുന്നെങ്കിലും ഇപ്പോൾ ആവശ്യക്കാരേറെയാണ്. മിക്ക ഡിപ്പോകളിലും കൊറിയർ സർവീസുണ്ട്. ദിവസം ഒന്നരലക്ഷം രൂപയോളം ഈയിനത്തിൽ ലഭിക്കുന്നു. ഇരുചക്രവാഹന നീക്കവും വിജയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.