പിഞ്ചു സഹോദരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച 88-കാരന്‍ അറസ്റ്റിൽ

തിരുവനന്തപുരം: സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ 88-കാരൻ അറസ്റ്റിൽ. പാളയംകുന്ന് സ്വദേശി വാസുദേവനെയാണ് അയിരൂർ പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. എൽ.കെ.ജി.യിലും രണ്ടാംക്ലാസിലും പഠിക്കുന്ന നാല്, ഏഴ് വയസ്സുള്ള കുട്ടികളെയാണ് പ്രതി ലൈംഗികമായി ചൂഷണം ചെയ്തത്.
പെൺകുട്ടികളുടെ വീട്ടിൽവെച്ചാണ് പ്രതി അതിക്രമം കാട്ടിയതെന്നാണ് പോലീസ് പറയുന്നത്. അതിക്രമത്തിനിരയായ എൽ.കെ.ജി. വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ സംശയംതോന്നി അധ്യാപിക കാര്യം തിരക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് അധ്യാപിക ചൈൽഡ് ലൈനിൽ വിവരമറിയിച്ചു.
ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ പെൺകുട്ടികൾ പീഡനം വെളിപ്പെടുത്തി. അതിക്രമം കാരണം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായും കുട്ടികൾ പറഞ്ഞിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് അയിരൂർ പോലീസ് പ്രതിയെ പിടികൂടിയത്.
പോക്സോ വകുപ്പുളടക്കം ചുമത്തിയാണ് വാസുദേവനെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.