ബാധ്യതയാകുമെന്ന് കരുതി മകളെ കൊന്ന് പുഴയിലെറിഞ്ഞു; വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന്‍ കുറ്റക്കാരന്‍

കൊച്ചി: കേരളത്തെ നടുക്കിയ വൈഗ കൊലക്കേസിൽ പിതാവ് സനുമോഹൻ കുറ്റക്കാരനാണെന്ന് കോടതി. 2021 മാർച്ച് 21-ന് മകൾ വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാർപുഴയിൽ മൃതദേഹം ഉപേക്ഷിച്ചെന്ന കേസിലാണ് സനുമോഹനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരേ ചുമത്തിയ എല്ലാകുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെയ്ക്കൽ, ലഹരിക്കടിമയാക്കൽ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. ശിക്ഷാവിധിയിലെ വാദം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും.
2021 മാർച്ച് 22-നാണ് മുട്ടാർപ്പുഴയിൽ മുങ്ങിമരിച്ച നിലയിൽ വൈഗ(10)യുടെ മൃതദേഹം കണ്ടെത്തുന്നത്. തലേദിവസം രാത്രി സനു മോഹൻ ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധുവീട്ടിൽ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടിൽ പോകുകയാണെന്നു പറഞ്ഞാണ് ഇറങ്ങിയത്. മകളെയും ഒപ്പം കൂട്ടിയായിരുന്നു യാത്ര. രാത്രിയായിട്ടും തിരിച്ചെത്താഞ്ഞതോടെ സംശയം തോന്നി വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിറ്റേദിവസം പെൺകുട്ടിയുടെ മൃതദേഹം മുട്ടാർപ്പുഴയിൽ കണ്ടെത്തുകയായിരുന്നു.
പിതാവ് മകളെ കൊലപ്പെടുത്തി സംസ്ഥാനം വിട്ടതാണെന്ന് സൂചന ലഭിക്കുകയും, വാളയാർ ചെക്പോസ്റ്റിലൂടെ സനുവിൻ്റെ കാർ കടന്നുപേയതിന്റെ സി.സി. ടി.വി. ദൃശ്യങ്ങളിൽ നിന്ന് മനസ്സിലായി. ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ 2021 ഏപ്രിൽ 18-ന് കർണാടകയിലെ കാർവാറിൽനിന്നാണ് പിടികൂടിയത്.
വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന സനുമോഹൻ, മകൾ ജീവിച്ചിരുന്നാൽ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. ആലപ്പുഴയിൽനിന്ന് മകളെയും കൂട്ടി കൊച്ചി കങ്ങരപ്പടിയിലെ ഫ്ളാറ്റിലെത്തിയ സനുമോഹൻ ഇവിടെവെച്ചാണ് വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ മുട്ടാർപുഴയിൽ പാലത്തിലെത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കാറുമായി സംസ്ഥാനം വിട്ടപ്രതി വാഹനം വിറ്റശേഷം കോയമ്പത്തൂർ, ഗോവ, മൂകാംബിക എന്നിവിടങ്ങളിലായാണ് ഒളിവിൽ കഴിഞ്ഞത്. പ്രതി വിറ്റ കാറും മകളുടെ ആഭരണങ്ങളും പോലീസ് സംഘം തമിഴ്നാട്ടിൽനിന്ന് കണ്ടെടുത്തിരുന്നു. വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കർണാടകയിൽനിന്നും കണ്ടെടുത്തു.
വൈഗ കൊലക്കേസിൽ 240 പേജുള്ള കുറ്റപത്രമാണ് തൃക്കാക്കര പോലീസ് കോടതിയിൽ സമർപ്പിച്ചത്. സനുമോഹൻ്റെ ഭാര്യ, സുഹൃത്തുക്കൾ, ബന്ധുക്കൾ, അപ്പാർട്ട്മെന്റിലെ താമസക്കാർ എന്നിവരടക്കം 300-ഓളം സാക്ഷികൾ കേസിലുണ്ടായിരുന്നു. ഇതിനൊപ്പം 1200 പേജുള്ള കേസ് ഡയറിയും വിവിധ ശാസ്ത്രീയ തെളിവുകളും 70-ഓളം തൊണ്ടിമുതലുകളും പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. 2017-ൽ മഹാരാഷ്‌ട പോലീസ് രജിസ്റ്റർ ചെയ്‌ത ഏഴുകോടി രൂപയുടെ തട്ടിപ്പ് കേസിലെ പ്രതി കൂടിയാണ് സനു. ഈ കേസിൽ പിന്നീട് മഹാരാഷ്ട്ര പോലീസും പ്രതിയെ അറസ്റ്റ് ചെയ്‌തിരുന്നു.