ജല്‍ ജീവന്‍ മിഷന്‍: ജില്ലയില്‍ 1.5 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തി

Share our post

കണ്ണൂർ : ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ജില്ലയില്‍ 41 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ജില്ലയില്‍ ഇതുവരെ ഭരണാനുമതി ലഭിച്ചതില്‍ 1,54,611 വീടുകളില്‍ കുടിവെള്ളമെത്തി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കാനുള്ള ജില്ലാതല ജലശുചിത്വ മിഷന്റെ 19-ാമത് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇനി 2,00,347 കണക്ഷനുകളാണ് സ്ഥാപിക്കാന്‍ ബാക്കിയുള്ളത്. ഇവിടങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് കട്ടിങ് അനുമതിക്ക് ആവശ്യമായ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണമെന്ന് പൊതുമരാമത്ത്, ദേശീയപാത, എല്‍.എസ്.ജി.ഡി, കെ.ആര്‍.എഫ്.ബി, കെ.എസ്.ടി.പി അധികൃതര്‍ക്ക് യോഗത്തില്‍ അധ്യക്ഷത വഹിച്ച സബ് കലക്ടറും ജില്ലാ വികസന കമ്മീഷണര്‍ ഇന്‍ ചാര്‍ജുമായ സന്ദീപ് കുമാര്‍ നിര്‍ദേശം നല്‍കി. ആറളം ആദിവാസി കോളനികളില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും. പദ്ധതി പുരോഗമിക്കുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സബ് കലക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു.

ജില്ലയിലെ 20 ഗ്രാമ പഞ്ചായത്തുകളില്‍ നൂറു ശതമാനം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനായെന്നും യോഗം വിലയിരുത്തി. അഞ്ചരക്കണ്ടി, മാട്ടൂല്‍, കതിരൂര്‍, രാമന്തളി, ചെറുകുന്ന്, പട്ടുവം, കല്യാശ്ശേരി, കണ്ണപുരം, പിണറായി, ധര്‍മടം, മുഴപ്പിലങ്ങാട്, പാപ്പിനിശ്ശേരി, ഏഴോം, ചെമ്പിലോട്, ചെറുതാഴം, കടമ്പൂര്‍, കൂടാളി, പെരളശ്ശേരി, മാടായി, വേങ്ങാട് എന്നീ പഞ്ചായത്തുകളിലാണ് സമ്പൂര്‍ണമായി കണക്ഷനുകള്‍ നല്‍കിയത്. ഇതില്‍ 17 എണ്ണം ഹര്‍ ഘര്‍ ജല്‍ പഞ്ചായത്തുകളായും പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും 2024 ഓടുകൂടി ഗാര്‍ഹിക കുടിവെള്ള കണക്ഷണ്‍ നല്‍കി കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ജല്‍ജീവന്‍ മിഷന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മെമ്പര്‍ സെക്രട്ടറിയും എക്‌സിക്യൂട്ടീവ് എന്‍ജിനിയറുമായ വി. റിജു, സൂപ്രണ്ടിങ് എന്‍ജിനിയര്‍ കെ. സുദീപ്, കേരള വാട്ടര്‍ അതോറിറ്റി എന്‍ജിനിയര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍മാര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!