എടക്കാട്ടെ സർവീസ് റോഡ് ഈയാഴ്ച തുറക്കും

എടക്കാട് : നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66-ലെ എടക്കാട് ഭാഗത്തെ സർവീസ് റോഡ് ഈയാഴ്‌ച ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അടച്ചിട്ട എടക്കാട് ബീച്ച് റോഡ് തുറന്നു. ഒരുകിലോമീറ്ററോളം നീളത്തിലുള്ള സർവീസ് റോഡിന്റെ ടാറിങ്ങാണ് ബാക്കിയുള്ളത്. സർവീസ് റോഡരികിലെ കോൺക്രീറ്റിങ് പുരോഗമിക്കുകയാണ്.
ബൈപ്പാസ് റോഡ് പൂർണമായും അടച്ച് എടക്കാട് ബസാർ വഴി ഇരുദിശയിലേക്കും വാഹനങ്ങൾ കടത്തിവിട്ടതോടെ എടക്കാട് ബസാറിൽ ഗതാഗതക്കുരുക്ക് പതിവായിട്ടുണ്ട്. കടമ്പൂർ റോഡിലേക്കും തിരിച്ചും വാഹനങ്ങൾ കടക്കുമ്പോഴാണ് ബസാറിൽ കുരുക്ക് രൂക്ഷമാകുന്നത്. രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നിര ഒ.കെ.യു.പി. സ്‌കൂൾ വരെ നീളും. ഗതാഗതസ്തംഭനം ഒഴിവാക്കാൻ സർവീസ് റോഡ് ഉടൻ തുറന്നു നൽകണമെന്ന് ആവശ്യം ശക്തമായിരുന്നു. ഇതേത്തുടർന്നാണ് നിർമാണം വേഗത്തിലാക്കിയത്.
ബീച്ച് റോഡ് അടച്ചിട്ടതിനെത്തുടർന്ന് വിവിധ ഭാഗങ്ങളിൽനിന്ന് ഡ്രൈവ് ഇൻ ബീച്ചിലേക്ക് വരുന്ന സഞ്ചാരികൾ അനുഭവിക്കുന്ന ദുരിതം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്‌മസ് അവധി ആഘോഷിക്കുന്നതിനായി ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി സഞ്ചാരികളാണ് ബീച്ചിലേക്കെത്തുന്നത്. ഏറെയും കർണാടകയിൽ നിന്നുള്ളവരാണ്.
സർവീസ് റോഡിൻ്റെ ടാറിങ് പൂർത്തിയാകും മുൻപ് ബീച്ചിലേക്കുള്ള റോഡ് തുറന്നു നൽകുകയായിരുന്നു.