അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്ജില്‍ പ്രവേശിക്കാന്‍ ഇളവ് വേണം

വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയിരിക്കുന്ന ഗ്ലാസ് ബ്രിഡ്‌ജിൽ പ്രവേശിക്കാൻ പ്രദേശവാസികളായ ജനങ്ങൾക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരാൾക്ക് പ്രവേശന ഫീസ് 500 രൂപയിൽനിന്ന് 250 ആയി കുറച്ചെങ്കിലും തോട്ടം തൊഴിലാളികളായ ഈ പ്രദേശത്തുകാർക്ക് തുക താങ്ങാവുന്നതിനുമപ്പുറമാണ്.
പ്രവർത്തനം തുടങ്ങിയ നാൾമുതൽ അവധി ദിവസങ്ങളിൽ വലിയതിരക്ക് തന്നെ ഗ്ലാസ്ബ്രിഡ്‌ജിൽ അനുഭവപ്പെടുന്നു. ഇവിടെ ലഭിക്കുന്ന വരുമാനം ഡി.ടി.പി.സി.യും നിർമാണക്കമ്പനിയും പങ്കുവെയ്ക്കുന്നു. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് പ്രദേശവാസികൾക്ക് ഇളവ് പ്രഖ്യാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വിവിധ കോണിൽനിന്ന് ആവശ്യമുയരുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജാണ് വാഗമൺ കോലാഹലമേട്ടിൽ നിർമ്മിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിൻ്റെ നീളം 40 മീറ്ററാണ്. ഡി.ടി.പി.സി നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അഡ്വഞ്ചർ പാർക്കിലാണ് ഗ്ലാസ് ബ്രിഡ്‌ജ് നിർമിച്ചിരിക്കുന്നത്. ഒരേ സമയം 15 പേർക്ക് കയറാവുന്ന പാലത്തിൽ അഞ്ചുമുതൽ പരമാവധി 10 മിനിറ്റുവരെ നിൽക്കാൻ അനുവദിക്കും. ആദ്യഘട്ടത്തിൽ ഒരാൾക്ക് അഞ്ഞൂറ് രൂപയായിരുന്ന പ്രവേശന ഫീസ് പ്രതിഷേധം ശക്തമായതിനെ തുടർന്ന് കുറയ്ക്കുകയായിരുന്നു.