കിലോയ്ക്ക് 25 രൂപ; ഭാരത് അരി വിപണിയിലേക്ക്

ന്യൂഡൽഹി: കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ‘ഭാരത് റൈസ്’ ബ്രാൻഡിലുള്ള അരി ഉടൻ വിപണിയിലെത്തിയേക്കും. കിലോഗ്രാമിന് 25 രൂപ എന്ന കുറഞ്ഞ നിരക്കിലാവും അരി ചില്ലറ വിൽപ്പനയ്ക്കായി എത്തുക. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അവശ്യ ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം പിടിച്ച് നിർത്താനുള്ള നടപടി എന്ന നിലയിലാണ് തീരുമാനമെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭാരത് ആട്ട (ഗോതമ്പുപൊടി), ഭാരത് ദാൽ (പരിപ്പ്) എന്നിവ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്‌തതിന് പിന്നാലെയാണ് മോദിസർക്കാർ ഭാരത് അരിയുമായി എത്തുന്നത്. സർക്കാർ ഏജൻസികളായ നാഷണൽ അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണൽ കോ- ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്), കേന്ദ്രീയ ഭണ്ഡാൽ ഔട്ട്ലെറ്റുകൾ, സഞ്ചരിക്കുന്ന വിൽപ്പനശാലകൾ എന്നിവിടങ്ങളിലാണ് ഭാരത് റൈസ് ലഭിക്കുക.
രാജ്യത്ത് അരിയുടെ വില കുതിച്ചുയർന്നതാണ് ഭാരത് റൈസ് എന്ന ആശയത്തിലേക്ക് കേന്ദ്രസർക്കാരിനെ എത്തിച്ചത്. ഇന്ത്യയിലെ അരിയുടെ ശരാശരി ചില്ലറവിൽപ്പന വില കിലോഗ്രാമിന് 43.3 രൂപയാണ്. മുൻവർഷത്തെക്കാൾ 14.1 ശതമാണ് അരിക്ക് വർധിച്ചത്.
ഭാരത് ആട്ട ബ്രാൻഡിലുള്ള ഗോതമ്പുപൊടി കിലോഗ്രാമിന് 27.50 രൂപ നിരക്കിലും ഭാരത് ദാൽ ബ്രാൻഡിലുള്ള പരിപ്പ് കിലോഗ്രാമിന് 60 രൂപ നിരക്കിലുമാണ് സർക്കാർ വിൽക്കുന്നത്. 2000-ത്തിലേറെ വിൽപ്പന കേന്ദ്രങ്ങൾ മുഖേനയാണ് ഇവ വിൽക്കുന്നത്. ഭാരത് റൈസും ഇതേ മാതൃകയിൽ വിൽക്കാനാണ് സർക്കാർ തീരുമാനം.