ഇസ്രയേൽ ആക്രമണത്തിൽ മുതിർന്ന ഇറാൻ സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടു; കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ

Share our post

ടെഹ്റാൻ: സിറിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റെവലൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സി(ഐആർജിസി)ന്റെ വിദേശവിഭാഗമായ ക്വാഡ്സ് ഫോഴ്സിന്റെ ഏറ്റവും കൂടുതൽ പ്രവൃത്തിപരിചയമുള്ള ഉപദേശകരിൽ ഒരാളായ റാസി മൗസവിയാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റാസിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി, ഇസ്രയേൽ ഈ കുറ്റത്തിന് കനത്ത വില നൽകേണ്ടി വരുമെന്നു മുന്നറിയിപ്പ് നൽകി.

സംഭവത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡമാസ്കസിന്റെ പ്രാന്തപ്രദേശമായ സെയ്നാബിയ ജില്ലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഇറാൻ സൈനിക ജനറൽ കൊല്ലപ്പെട്ടതെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. റാസി, മിസൈൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഐ.ആർ.ജി.സി അറിയിച്ചു. സിറിയയിൽ ഇറാൻ സൈന്യത്തിന്റെ വിപുലീകരണം അനുവദിക്കില്ലെന്ന ഉറച്ച് നിലപാട് ഇസ്രയേൽ തുടരുന്നതിനിടെയാണ് സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെടുന്നത്.

2020 ജനുവരിയിൽ യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ അടുത്ത കൂട്ടാളിയാണ് റാസി മൗസവി. അടുത്ത ആഴ്ച ഖാസിമിന്റെ നാലാം ചരമവാർഷികം ആചരിക്കാനിരിക്കെയാണ് മൗസവിയുടെ കൊലപാതകം. മൂന്നു മിസൈലുകളാണ് മൗസവിയെ ലക്ഷ്യംവച്ചെത്തിയതെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമം അറിയിച്ചു. ആക്രമണം അരങ്ങേറിയ സ്ഥലത്തു നിന്ന് പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യം ഇവർ പുറത്തുവിട്ടു. പ്രദേശത്തുനിന്ന് വലിയ സ്ഫോടനശബ്ദം ഉയർന്നെന്നും കനത്ത പുക ഉയർന്നെന്നും പ്രദേശവാസികൾ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!