കുതിരവണ്ടി സവാരി, ഹെലിക്കോപ്റ്റര്‍ റൈഡ്; സഞ്ചാരികളുടെ ഹൃദയം കവര്‍ന്ന് വയനാട് ഫ്‌ളവര്‍ഷോ

കണ്‍നിറയെ പൂക്കാഴ്ചകളും മനസ്സുനിറയെ ഉല്ലാസങ്ങളുമൊരുക്കി ജനപ്രിയമാവുകയാണ് വയനാട് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഫ്‌ളവര്‍ഷോ. അവധിക്കാലം ആസ്വദിക്കാന്‍ സഞ്ചാരികളുള്‍പ്പെടെ ആളുകള്‍ കൂട്ടത്തോടെ ബൈപ്പാസിലെ ഫ്‌ളവര്‍ഷോ നഗരിയില്‍ എത്തുകയാണിപ്പോള്‍. പൂക്കള്‍ കണ്ട് ആസ്വദിച്ചും റൈഡുകളില്‍ കറങ്ങിയും ഏറെനേരം ചെലവഴിച്ചാണ് കുടുംബങ്ങള്‍ മടങ്ങുന്നത്.
ജലധാരയാണ് ഫ്‌ളവര്‍ഷോയില്‍ എത്തുന്നവരെ ആദ്യം സ്വാഗതംചെയ്യുക. ചുറ്റിലും ലൈറ്റുകളുമായി രാത്രി ജലധാരയുടെ ഭംഗികൂടും. നിരനിരയായുള്ള പൂക്കളാണ് അടുത്ത കാഴ്ച. റോസ്, ഡാലിയ, ജമന്തി, ആന്തൂറിയം, 16 ഇനം ബോഗണ്‍വില്ല, ലില്ലിയം, പോയന്‍സിറ്റിയ, ബോള്‍സം, മെലസ്റ്റോമ തുടങ്ങി ഒട്ടേറെ പൂക്കാഴ്ചകള്‍, ഫല, സസ്യപ്രദര്‍ശനം എന്നിവയാണ് പിന്നീടങ്ങോട്ട്. സെല്‍ഫിയെടുക്കാനായി സെല്‍ഫികോര്‍ണറും ഒരുക്കിയിട്ടുണ്ട്. പഴയ രാജ്ദൂത് ബൈക്ക് വെച്ചുള്ള ഫോട്ടോസെഷനും ആകര്‍ഷകമാണ്.
ഇതുകഴിഞ്ഞാല്‍ വീണ്ടും ജലധാരയും അമ്യൂസ്മെന്റ് പാര്‍ക്കുമാണ്. യന്ത്ര ഊഞ്ഞാല്‍, കുട്ടികള്‍ക്കായുള്ള വിവിധ റൈഡുകള്‍ എന്നിവയാണ് അമ്യൂസ്മെന്റ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. എന്നും വൈകീട്ടുള്ള കലാപരിപാടികള്‍ക്കും കാഴ്ചക്കാരേറെയാണ്. ഏഴുമണിക്കാണ് കലാപരിപാടികള്‍ തുടങ്ങുക. വൈകീട്ട് അഞ്ചുമണിയാകുമ്പോഴേക്ക് തിരക്കുകൂടും. പൂക്കള്‍കണ്ട് കലാപരിപാടികളും ആസ്വദിച്ച് ആളുകള്‍ മടങ്ങും. ഗാനമേള, മിമിക്‌സ്പരേഡ്, കോമഡിഷോ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് ദിവസവും.
പ്രിയമേറുന്ന കുതിരവണ്ടി
കല്പറ്റ നഗരം ചുറ്റുന്ന കുതിരവണ്ടിസവാരിക്ക് പ്രീതിയേറുകയാണ്. മൈസൂരുവില്‍നിന്നെത്തിയ കുതിരകളായ ലക്കിയും ബാദലുമാണ് ഫ്‌ളവര്‍ഷോ കാണാനെത്തുന്നവരെ നഗരം ചുറ്റിക്കാണിക്കുന്നത്. ആറുപേരടങ്ങുന്ന ഒരു ടീമിന് 600 രൂപയാണ് സവാരിക്ക് ഫീസ് ഈടാക്കുന്നത്. ഹെലികോപ്റ്റര്‍ യാത്ര ജനുവരി മൂന്നുമുതല്‍ അഞ്ചുവരെ നടക്കും. അതിനായുള്ള ബുക്കിങ് ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ചുരത്തിലേക്കും ബാണാസുരസാഗര്‍ ഡാം ഭാഗത്തേക്കും ഹെലികോപ്റ്റര്‍ സവാരി ഒരുക്കാനാണ് തീരുമാനമെന്നും സംഘാടകര്‍ പറഞ്ഞു.
മത്സരങ്ങളുടെയും ഷോ
വിവിധ മത്സരങ്ങളുടെകൂടി ഷോയാണ് ഫ്‌ലവര്‍ഷോ. വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍ എന്നിവര്‍ക്കായ വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് കാര്‍വിങ് മത്സരം, ഫ്‌ളവര്‍ അറേഞ്ച്മെന്റ് മത്സരം, പുഷ്പരാജ, പുഷ്പറാണി മത്സരങ്ങള്‍, പാചകമത്സരം, മൈലാഞ്ചി അണിയിക്കല്‍ മത്സരം, കട്ട്ഫ്‌ളവര്‍, മിസ് ഫ്‌ളവര്‍ഷോ, പുഞ്ചിരിമത്സരം, ചിത്രരചനാമത്സരം, സ്മാര്‍ട്ട് ബോയ് ആന്‍ഡ് സ്മാര്‍ട്ട് ഗേള്‍ തുടങ്ങിയവയാണ് ജനുവരി 10 വരെയാണ് ഫ്‌ലവര്‍ഷോ. മുതിര്‍ന്നവര്‍ക്ക് 70 രൂപയും വിദ്യാര്‍ഥികള്‍ക്ക് 30 രൂപയുമാണ് ഫീസ്. രാവിലെ 9.30 മുതല്‍ രാത്രി 10 വരെയാണ് ഫ്‌ലവര്‍ഷോ.