ലിങ്കിൽ ക്ലിക്ക് ചെയ്തു, ഒ.ടി.പി നൽകി; സൈബർ തട്ടിപ്പിൽ വീഴല്ലേയെന്ന് ബോധവൽക്കരിക്കുന്ന പൊലീസിന്‍റെ പണം പോയി

Share our post

തിരുവനന്തപുരം: സൈബർ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ബോധവത്കരണം നടത്തുന്ന പൊലീസിന്‍റെ പണം തട്ടി ഓണ്‍ലൈൻ തട്ടിപ്പ് സംഘം. തിരുവനന്തപുരം കമ്മീഷണ‌ർ ഓഫീസിന്റെ അക്കൗണ്ടിൽ നിന്നാണ് 25,000 രൂപ ചോർത്തിയത്. അക്കൗണ്ടിന്‍റെ ഔദ്യോഗിക നമ്പറിലേക്ക് വ്യാജ സന്ദേശമയച്ചാണ് പണം തട്ടിയത്. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെ പണ ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ സന്ദേശങ്ങളും എത്തുന്നത് അക്കൗണ്ട്സ് ഓഫീസറുടെ മൊബൈൽ നമ്പറിലാണ്. സൈബർ തട്ടിപ്പ് കുഴികളിൽ വീഴരുതെന്നും ഒടിപി നമ്പർ ചോദിച്ചാൽ കൈമാറരുതെന്നും നിരന്തരമായ ബോധവത്ക്കരണം നടത്തുന്ന ഓഫീസിനെയാണ് തട്ടിപ്പ് സംഘം പറ്റിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിൽ നിന്നെന്ന് വിശ്വസിപ്പിച്ച് ഒരു സന്ദേശമെത്തി. കെ.വൈ.എ.സി ഉടൻ പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് റദ്ദാക്കുമെന്നായിരുന്നു സന്ദേശം. മെസേജിലെ ലിങ്കിൽ അക്കൗണ്ട് ഓഫീസർ ക്ലിക്ക് ചെയ്തു. തട്ടിപ്പ് സംഘം ആവശ്യപ്പെട്ടപ്പോള്‍ ഒടിപിയും നൽകി. മിനിറ്റുകള്‍ക്കുള്ളിൽ എസ്ബി.ഐയുടെ ജഗതി ബ്രാഞ്ചിൽ നിന്നും പൊലീസിന്‍റെ 25,000 രൂപ തട്ടിപ്പ് സംഘത്തിന്‍റെ കൈയിലായി. പണം നഷ്ടമായ വിവരമറിഞ്ഞ് പൊലീസ് ഉടനെ 1930 എന്ന കണ്‍ട്രോള്‍ റൂമിലേക്ക് വിവരമറിയിച്ചു. അക്കൗണ്ട്സ് ഓഫീസർ സൈബർ പൊലീസിൽ പരാതി നൽകി.

ചോർത്തിയെടുക്കുന്ന പണം തട്ടിപ്പുകാരുടെ അക്കൗണ്ടിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി പിൻവലിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പൊലീസിന്‍റെ അക്കൗണ്ടിൽ നിന്നും ചോർത്തിയ പണം പിൻവലിക്കുന്നതിന് മുമ്പ് തടഞ്ഞുവെന്ന് തിരുവനന്തപുരം ഡി.സി.പി പറഞ്ഞു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചുവെന്നും പൊലീസ് പറയുന്നു. പൊലിസിനെ തട്ടിച്ച ഹൈടെക് കള്ളനെ ഇനി എന്നു പിടികൂടുമെന്നാണ് അറിയേണ്ടത്. നാട്ടുകാരോട് ജാഗ്രത കാട്ടാൻ പറയുന്ന പൊലീസിന് ആ ജാഗ്രത വേണ്ടെ എന്ന ചോദ്യവും ബാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!