വർണങ്ങൾ വിതറി ചീങ്കണ്ണിപ്പുഴയോരങ്ങളിൽ ശലഭവസന്തം

കേളകം: വർണങ്ങൾ വിതറി ചീങ്കണ്ണിപ്പുഴയോരങ്ങളിൽ ശലഭവസന്തം. ആറളം വന്യജീവി സങ്കേതത്തിലേക്കുള്ള തൂവെള്ള ശലഭങ്ങളുടെ ദേശാടനമാണ് തുടങ്ങിയത്.
പീരിഡെ കുടുംബത്തിൽപെട്ട കോമൺ ആൽബട്രോസ് ശലഭങ്ങളുടെ പ്രവാഹം കാണികൾക്കും വിസ്മയ കാഴ്ചയാണ്.
മഴക്കാലം കഴിഞ്ഞതോടെ ജില്ലയിലെ കിഴക്കൻ മലയോരത്തെ തോടുകളിലും ചതുപ്പുകളിലും ഉറവകൾക്കരികിലും ശലഭക്കൂട്ടങ്ങൾ മനംമയക്കുന്ന കാഴ്ചയാണിപ്പോൾ.
രാവിലെയും സന്ധ്യക്കും തണുപ്പുള്ളതിനാൽ ദേശാടനക്കാലം നീളുകയാണ്. ചീങ്കണ്ണിപ്പുഴയുടെ തീരങ്ങളിലാണ് ശലഭക്കൂട്ടങ്ങളെത്തുന്നത്.
ചോലവിലാസിനി, നീലക്കുടുക്ക, കോമൺ ആൽബട്രോസ്, ലെസർ ആൽബട്രോസ് ശലഭങ്ങളാണ് പ്രധാന വിരുന്നുകാർ. ചെറുകൂട്ടങ്ങളായാണ് ഇവ കാണപ്പെടുന്നത്.
കുടകുമലനിരകളിൽനിന്ന് പുറപ്പെടുന്ന ശലഭങ്ങളാണിവ. നീരൊഴുക്കിന്റെ തീരങ്ങളിലെ നനവുള്ള മണലിൽനിന്ന് ലവണങ്ങൾ ഊറ്റിയെടുക്കാനാണ് ശലഭക്കൂട്ടങ്ങൾ എത്തുന്നത്.