സ്വന്തം കാറില്‍ സര്‍ക്കാര്‍ ബോര്‍ഡ്; വാഹനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ നടപടിക്ക് എം.വി.ഡി

സ്വകാര്യ വാഹനങ്ങളില്‍ അനധികൃതമായി ‘കേരള സര്‍ക്കാര്‍’ എന്ന ബോര്‍ഡ് ഉപയോഗിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ മോട്ടോര്‍ വാഹനവകുപ്പ് ശക്തമായ നടപടിയിലേക്ക്. നിയമം ലംഘിച്ച് ബോര്‍ഡ് വെയ്ക്കുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് പട്ടിക തയ്യാറാക്കിത്തുടങ്ങി. പിടിവീണാല്‍ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം ആര്‍.ടി.ഒ. അധികൃതര്‍ അറിയിച്ചു.
നിയമപ്രകാരമല്ലാതെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനത്തില്‍ ‘കേരള സ്റ്റേറ്റ്’ ബോര്‍ഡ് ഉപയോഗിക്കാന്‍ പാടില്ല. ഈ നിയമം മറികടന്നാണ് പലരും വാഹനത്തില്‍ ഇതു വെയ്ക്കുന്നത്. ഇതുസംബന്ധിച്ച് രേഖാമൂലം വകുപ്പ് മേധാവിയെ അറിയിച്ചശേഷമായിരിക്കും നടപടിയിലേക്ക് നീങ്ങുകയെന്ന് അധികൃതര്‍ പറഞ്ഞു.
ബാങ്കിലെയും ഇന്‍ഷുറന്‍സ് ഓഫീസിലെയും ഉദ്യോഗസ്ഥരും ‘കേരള സ്റ്റേറ്റ്’, ‘ഗവണ്‍മെന്റ് ഓഫ് ഇന്ത്യ’ എന്നീ ബോര്‍ഡുകളും വാഹനത്തില്‍ പതിപ്പിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. വി.ഐ.പി. സന്ദര്‍ശനംപോലുള്ള വിശേഷ സന്ദര്‍ഭങ്ങളില്‍ ടാക്‌സികളില്‍ ‘കേരള സ്റ്റേറ്റ്’ ബോര്‍ഡ് സ്ഥാപിക്കാറുണ്ട്. ഇത് മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതിയോടെ മാത്രമാണെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ട് വാഹനങ്ങള്‍ പിടികൂടി
സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ടാക്‌സികള്‍ വാടകയ്ക്ക് വിളിച്ചും ഇത്തരം തട്ടിപ്പ് നടത്തുന്നത് വര്‍ധിച്ചുവരുന്നുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് എറണാകുളം ആര്‍.ടി.ഒ. അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള രണ്ട് വാഹനങ്ങള്‍ പിടികൂടിയിരുന്നു.