ഫുട്‌ബോൾ താരം ടി.എ. ജാഫർ അന്തരിച്ചു

കൊച്ചി : കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‌ബോൾ ജേതാക്കളായപ്പോൾ ടീമിന്റെ വൈസ് ക്യാപ്‌റ്റനായിരുന്ന ടി.എ. ജാഫർ (83) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. കേരളത്തിന്റെ നേട്ടത്തിന് ബുധനാഴ്‌ച 50 വർഷം തികയാനിരിക്കെയാണ് അന്ത്യം. ഫോർട്ട് കൊച്ചി ഹോസ്‌പിറ്റൽ റോഡ് ‘നന്ദി’യിലായിരുന്നു താമസം.
വിദേശത്തുള്ള മകന്റെ വീട്ടിൽവച്ച് സെപ്‌തംബറിലാണ് പക്ഷാഘാതമുണ്ടായത്. പിന്നീട് അബോധാവസ്ഥയിലായി. തുടർന്ന് കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. 1992ലും 1993ലും സന്തോഷ് ട്രോഫി നേടിയ ടീമിന്റെ പരിശീലകനാണ്. പൊതുദർശനം തിങ്കൾ രാവിലെ ഏഴുമുതൽ ഫോർട്ട് കൊച്ചിയിലെ വീട്ടിൽ. ഖബറടക്കം വൈകിട്ട് നാലിന് കൽവത്തി ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സഫിയ. മക്കൾ: ബൈജു, സഞ്‌ജു, രഞ്‌ജു. മരുമക്കൾ: നിതാസ്, രഹ്ന, സുൽഫീന.