ആറാംവളവില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി; വയനാട് ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

കോഴിക്കോട്: വയനാട് ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചുരത്തിലെ ആറാം വളവില്‍ ടൂറിസ്റ്റ് ബസ് കേടായതിനെത്തുടര്‍ന്നാണ് കുരുക്ക് രൂപപ്പെട്ടത്. പുലര്‍ച്ചെ കേടായ ബസ് തകരാര്‍ പരിഹരിച്ച് രാവിലെ ഏഴോടെ നീക്കിയെങ്കിലും ഗതാഗതതടസ്സം തുടരുകയാണ്.
ബാറ്ററി ഡൗണ്‍ ആയതിനെത്തുടര്‍ന്നായിരുന്നു ബസ് ചുരത്തില്‍ കുടുങ്ങിയത്. വാഹനങ്ങള്‍ വണ്‍വേ പാലിച്ചു പോകാന്‍ അടിവാരം വയനാട് ചുരം സംരക്ഷണസമിതി ആവശ്യപ്പെട്ടു. ചുരത്തില്‍ തകരപ്പാടി മുതല്‍ ചിപ്പിലിത്തോട് വരെയാണ് ഗതാഗതക്കുരുക്ക് നേരിടുന്നത്. അവധിയാഘോഷത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ചുരത്തിലേക്കെത്തുന്നുണ്ട്.
ശനിയാഴ്ചയും സമാനരീതിയില്‍ ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ വയനാട് ഭാഗത്തുനിന്ന് ചുരമിറങ്ങിവരുകയായിരുന്ന ലോറി ഏഴാംവളവില്‍ പാര്‍ശ്വഭിത്തിയില്‍ തട്ടിനിന്നുപോയിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വയനാട്ടിലേക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന മറ്റൊരു ചരക്കുലോറി ആറാംവളവില്‍ കുടുങ്ങി. രാവിലെ പത്തുമണിയോടെ നാലാംവളവില്‍ ചുരമിറങ്ങുകയായിരുന്ന ലോറിയുടെ ഇടതുവശത്തുകൂടി മറികടക്കാന്‍ ശ്രമിച്ച കാര്‍ ലോറിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് അല്പനേരം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.