പരിയാരത്ത് കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച നടത്തിയത് സുള്ളൻ സുരേഷ്; കൊലപാതകം ഉൾപ്പെടെ 80-ഓളം കേസുകൾ

പരിയാരം: പരിയാരം കവര്‍ച്ച കേസിലെ മുഖ്യപ്രതി നാമക്കല്‍ കുമരപാളയം എലന്തക്കോട്ടെ ഗാന്ധിനഗര്‍ സ്വദേശി സുള്ളന്‍ സുരേഷ് (35) കൊലപാതകം ഉള്‍പ്പെടെ എണ്‍പതോളം കേസുകളിലെ പ്രതിയെന്ന് പോലീസ്. 10 വര്‍ഷം മുന്‍പ് തൃശ്ശൂരിലെ ഒരു കവര്‍ച്ചക്കേസിലും ഇയാള്‍ പിടിയിലായിരുന്നതായി പോലീസ് പറഞ്ഞു.
തമിഴ്നാട്ടിലെ ജോലാര്‍പേട്ട ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച ഉച്ചയോടെ പരിയാരം പോലീസ് പിടികൂടിയ സുള്ളന്‍ സുരേഷിനെ ശനിയാഴ്ച വൈകിട്ട് പരിയാരം സ്റ്റേഷനിലെത്തിച്ചു.
പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ കര്‍ണാടകയിലേക്ക് കടക്കാനായി ഉച്ചയോടെ ജോലാര്‍പേട്ട റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.
പരിയാരം എസ്.എച്ച്.ഒ. പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയായി ഇയാളെ പിടികൂടാന്‍ തമിഴ്നാട്ടില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. മോഷണത്തിനായി ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ട്രെയിനിലും റോഡ് മാര്‍ഗവുമായി രണ്ട് സംഘങ്ങളായിട്ടാണ് പോലീസ് സുരേഷിനെ തിരഞ്ഞത്. ഷിജോ അഗസ്റ്റിന്‍, അഷറഫ്, രജീഷ്, സയ്യിദ്, നൗഫല്‍ എന്നീ പോലീസുകാരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ഇയാളെ ചോദ്യംചെയ്യുന്നതിലൂടെ കേസിന്റെ സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഒക്ടോബര്‍ 19-ന് പരിയാരം ചിതപ്പിലെപൊയിലിലെ ഡോ. സക്കീര്‍ അലിയുടെ വീടിന്റെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന് വയോധികയെ കഴുത്തിന് കത്തിവെച്ച് ആക്രമിച്ച് ഒന്‍പതുപവന്റെ ആഭരണങ്ങളും 15,000 രൂപയും കവര്‍ന്ന കേസിലെ ഒന്നാംപ്രതിയാണ് സുള്ളന്‍ സുരേഷ്.
ഈ കേസില്‍ ഇയാളുടെ കൂട്ടാളികളായ സഞ്ജീവ്കുമാര്‍, ജെറാള്‍ഡ്, രഘു എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. അബു എന്ന ശിവലിംഗത്തെയാണ് ഇനി പിടികിട്ടാനുള്ളത്. പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാളെ ചോദ്യംചെയ്ത് അത് കണ്ടെടുക്കാമെന്ന വിശ്വാസത്തിലാണ് പോലീസ്.