അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു; മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി

Share our post

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വഴിവെച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവും രാജിവെച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുമുന്നണിയിലെ രണ്ടരവർഷമെന്ന ധാരണ പ്രകാരമാണ് ഇരുവരും രാജിവെച്ചത്. പകരം കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ്‌ കുമാറും മന്ത്രിമാരാവും.

വകുപ്പിൽ മാറ്റമുണ്ടാവില്ലെന്നാണ് സൂചന. അഹമ്മദ് ദേവർകോവിലിന്റെ വകുപ്പുകൾ കടന്നപ്പള്ളിക്കും ആൻ്റണി രാജു കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഗണേഷ്‌കുമാറിനും നൽകാനാണ് എല്ലാ സാധ്യതയും.

മന്ത്രിസഭയിലേക്ക് പുതുതായി എത്തുന്നവരുടെ സത്യപ്രതിജ്ഞ 29-ന് നടത്തിയേക്കും. അനൗദ്യോഗികമായി ഇക്കാര്യം അറിയിച്ച സാഹചര്യത്തിൽ ചടങ്ങിനുള്ള ഒരുക്കങ്ങൾ രാജ്‌ഭവൻ ആരംഭിച്ചിരുന്നു. വ്യാഴാഴ്‌ച ഡൽഹിക്കുപോയ ഗവർണർ 28-ന് മടങ്ങിയെത്തും.

ഞായറാഴ്‌ച ചേരുന്ന ഇടതുമുന്നണി യോഗമാവും രാജി സ്വീകരിച്ച് പുതിയ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സംതൃപ്‌തിയോടെയാണ് സ്ഥാനമൊഴിയുന്നതെന്ന് ഇരുമന്ത്രിമാരും പ്രതികരിച്ചു.

നവകേരളസദസ്സ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ രണ്ടരവർഷമെന്ന ധാരണ കാലാവധി പൂർത്തിയായത് ചൂണ്ടിക്കാട്ടി കെ.ബി. ഗണേഷ്‌കുമാർ എൽ.ഡി.എഫിന് കത്ത് കൈമാറിയിരുന്നു. സദസ്സ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ രാജിസന്നദ്ധത അറിയിച്ചുവെന്ന് ആൻണി രാജുവും വ്യക്തമാക്കി. സദ്ദസ് പൂർത്തിയായിട്ട് സത്യപ്രതിജ്ഞയാകാം എന്ന ധാരണപ്രകാരമാണ് മന്ത്രിസഭാ പുനഃസംഘടന നീട്ടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!