റോഡില്‍ നിയമംലംഘിച്ചു; 1100 പേരെ പാഠം പഠിപ്പിച്ചും, ‘പണി’യെടുപ്പിച്ചും മോട്ടോര്‍വാഹന വകുപ്പ്

Share our post

റോഡില്‍ നിയമലംഘനങ്ങളെ നിസ്സാരമായി കാണാറുണ്ടോ. പിഴയടച്ചുമാത്രം രക്ഷപ്പെടാവുന്നത്ര നിസ്സാരമല്ല നിയമലംഘനങ്ങള്‍. അത്തരക്കാരെ ‘പാഠം’ പഠിപ്പിക്കുകയാണ് മോട്ടോര്‍വാഹനവകുപ്പ്. നിയമലംഘനങ്ങള്‍ നടത്തിയവരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (ഐ.ഡി.ടി.ആര്‍.) മുഖാന്തരം നിര്‍ബന്ധിത പരിശീലനക്ലാസിന് വിധേയരാക്കിയാണ് വകുപ്പ് പാഠം പഠിപ്പിക്കുന്നത്.

വെറും ക്ലാസ് മാത്രമല്ല, ഗുരുതര നിയമലംഘനം നടത്തിയവരെ അഞ്ചുദിവസത്തെ സാമൂഹികസേവനത്തിനും മോട്ടോര്‍വാഹനവകുപ്പ് വിധേയരാക്കുന്നുണ്ട്. എടപ്പാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.ഡി.ടി.ആറില്‍ 2023-ല്‍ ഇതുവരെ 1,100 പേര്‍ക്കാണ് ശിക്ഷാനടപടിയെന്നനിലയില്‍ പരിശീലനക്ലാസ് നല്‍കിയത്. 2019-ല്‍ ഈ നിയമം നിലവില്‍വന്നെങ്കിലും ഈ വര്‍ഷം മുതലാണ് സമഗ്രമായി നടപ്പാക്കുന്നത്. 22 പേരാണ് ഡ്രൈവിങ് പഠിപ്പിക്കാന്‍ എടപ്പാളിലുള്ളത്. ഇതിനുപുറമെ, ആലുവ മുട്ടം, കറുകുറ്റി എന്നിവിടങ്ങളിലും പരിശീലനക്ലാസുകളുണ്ട്.

കാണണം, അപകടത്തില്‍പ്പെട്ടവരെ

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായവരെയുള്‍പ്പെടെ സന്ദര്‍ശിക്കലാണ് നിയമലംഘനം നടത്തിയവര്‍ക്കുള്ള ഒരു പാഠം. എന്‍.ജി.ഒ. സംഘടനകളുടെ പ്രവര്‍ത്തകരുടെ കൂടെ വീടുകള്‍ സന്ദര്‍ശിച്ച് പരിക്കേറ്റവരുടെ ഇപ്പോഴത്തെ സ്ഥിതികാണണം. ഒപ്പം സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം അവിടെ സേവനവുംചെയ്യണം. ഈ സേവനം നിര്‍ബന്ധമല്ലെങ്കിലും പരിക്കേറ്റവരുടെ അവസ്ഥ കാണുമ്പോള്‍ പലരും സേവനങ്ങള്‍ക്ക് സന്നദ്ധരാകുന്നുണ്ടെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.

ഇതിനൊക്കെ പാഠം പഠിക്കും

മരണത്തിന് കാരണമായ വാഹനാപകടത്തില്‍ വണ്ടിയോടിച്ചവര്‍, മദ്യപിച്ച് വാഹനമോടിച്ചവരും അപകടമുണ്ടാക്കിയവരും, അപകടകരമായ ഡ്രൈവിങ്, ബസുകളില്‍ വിദ്യാര്‍ഥികളോടുള്‍പ്പെടെ മോശം പെരുമാറ്റം തുടങ്ങിയവയ്‌ക്കെല്ലാം മൂന്നുദിവസത്തെ ക്ലാസും അഞ്ചുദിവസത്തെ സാമൂഹികസേവനവും ചെയ്യേണ്ടിവരും. മോട്ടോര്‍വാഹനവകുപ്പോ പോലീസോ റോഡില്‍ കൈകാണിക്കുമ്പോള്‍ നിര്‍ത്താതെ പോവുക, വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക തുടങ്ങിയവയ്ക്ക് ഒരുദിവസത്തെ ക്ലാസാണ് നല്‍കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!