ശ്രദ്ധിക്കൂ, ഇന്ന് താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവർ വെള്ളവും ലഘുഭക്ഷണവും ഇന്ധനവും കരുതണേ; വന്‍ഗതാഗത കുരുക്ക്

Share our post

കല്‍പ്പറ്റ: ആറാം വളവില്‍ ലോറി തകരാറിലായി കുടുങ്ങിയതോടെ താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗത തടസ്സം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആറാം വളവില്‍ വീതികുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ് പൊട്ടി കുടുങ്ങിയത്. രാവിലെ 5.45 ഓടെയാണ് കുരുക്ക് രൂക്ഷമായത്.

ഇന്ന് (ശനിയാഴ്ച) ചുരം വഴി യാത്ര ചെയ്യുന്നവര്‍ ആവശ്യത്തിന് വെള്ളവും ലഘു ഭക്ഷണവും കരുതണമെന്നും വാഹനത്തില്‍ ഇന്ധനം ആവശ്യത്തിനു ഉണ്ടെന്ന കാര്യം ഉറപ്പുവരുത്തണമെന്നും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പൊലീസും അറിയിച്ചു.

ചെറിയ വാഹനങ്ങള്‍ക്ക് പോലും കഷ്ടിച്ചാണ് കടന്നു പോകാന്‍ കഴിയുന്നത്. വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മെക്കാനിക്കുകള്‍ എത്തിയിട്ടുണ്ടെങ്കിലും തകരാറായ ഭാഗം മാറ്റിവെച്ച് ലോറി നീക്കണമെങ്കില്‍ സമയമെടുക്കും.

ചുരത്തില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെ വയനാട് ഭാഗത്തേക്ക് വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴക്ക് അടുത്ത് വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്. ലൈന്‍ ട്രാഫിക് കര്‍ശനമായി പാലിക്കണം. നിര തെറ്റിച്ചുള്ള ഡ്രൈവിങ് ശ്രദ്ധയില്‍പ്പെട്ടാല്‍ ചുരത്തില്‍ വെച്ച് തന്നെ നടപടിയുണ്ടാകും.

നിലവില്‍ സ്വകാര്യ, സര്‍ക്കാര്‍ ബസ്സുകളും നൂറുകണക്കിന് കാറുകളും ടിപ്പര്‍ ലോറികളുമെല്ലാം ചുരത്തില്‍ കുടുങ്ങിയിരിക്കുകയാണ്. താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ഗതാഗത കുരുക്ക് നീക്കാന്‍ ശ്രമം തുടരുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!