പനിക്ക് ചികിത്സതേടുന്നത് പ്രതിദിനം ആയിരംപേർ, കോവിഡും കൂടുന്നു; കരുതൽ കൈവിടരുത്
കോഴിക്കോട്: ജില്ലയിൽ പനിയെത്തുടർന്ന് നിത്യേന ചികിത്സതേടുന്നത് ശരാശരി ആയിരത്തിലേറെപ്പേർ. ഡിസംബറിൽ മാത്രം 25,155 പേരാണ് ചികിത്സതേടിയത്. ഇതിൽ 202 പേർക്ക് കിടത്തിച്ചികിത്സ നൽകി.
മെഡിക്കൽ കോളേജിൽ കോവിഡ് പോസിറ്റീവായി 26 പേർ ചികിത്സതേടി. ജില്ലയിൽ നിലവിൽ രണ്ട് കോവിഡ്മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
പനിമാറിയാലും കഫക്കെട്ട്, ചുമ പോലുള്ളവ ഏറെനാൾ നീണ്ടുനിൽക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുദിവസങ്ങളിൽ 1174, 1247, 1052 പേർ പനിയെത്തുടർന്ന് ചികിത്സതേടി. ഈമാസംമാത്രം 102 ഡെങ്കിക്കേസുകൾ സ്ഥിരീകരിച്ചു. 16 പേർക്ക് എലിപ്പനിയും. ഇതിനുപുറമേ വയറിളക്കം, ചിക്കൻപോക്‌സ്, മഞ്ഞപ്പിത്തം എന്നിവയെല്ലാം പല ഭാഗങ്ങളിലുമുണ്ട്.
മെഡിക്കൽ കോളേജിലുൾപ്പെടെ പനിയെത്തുടർന്ന് ചികിത്സതേടുന്നവരുടെ എണ്ണമേറി.
കുട്ടികൾക്കിടയിൽ മുണ്ടിനീരും കൂടുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 1572 കുട്ടികൾക്ക് മുണ്ടിനീര് വന്നു. കവിളിന്റെ താഴെ ഇരുഭാഗത്തും നീരുവരിക, പനി തുടങ്ങിയ ലക്ഷണങ്ങളാണ് പൊതുവേയുള്ളത്.
സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണമേറിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. കോവിഡുമായി ബന്ധപ്പെട്ട വിവരം സംസ്ഥാനടിസ്ഥാനത്തിൽ മാത്രമേ നൽകാവൂവെന്നാണ് ആരോഗ്യവകുപ്പ് താഴേത്തട്ടിൽ നൽകിയിരിക്കുന്ന നിർദേശം.
അണിയാം മുഖാവരണം
ആശുപത്രികളിൽ പോകുമ്പോൾ പലരും മുഖാവരണമിടാൻ പോലും തയ്യാറാവുന്നില്ല. ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ നിർബന്ധം പറയുന്നില്ല. ആളുകൾ കൂടുന്ന സ്ഥലത്തും ആശുപത്രികളിൽ പോകുമ്പോഴുമെല്ലാം മുഖാവരണം ഇടുന്നതാണ് രോഗപ്രതിരോധനത്തിന് നല്ലത്.