കപ്പൽശാലയിലെ രഹസ്യ വിവരങ്ങൾ കൈമാറിയ യുവാവ്‌ അറസ്‌റ്റിൽ

Share our post

കൊച്ചി : കൊച്ചി കപ്പൽശാലയിൽ നാവികസേനയ്‌ക്കായി നിർമിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങൾ ഉൾപ്പെടെ ചിത്രം ഫോണിൽ പകർത്തി സമൂഹമാധ്യമം വഴി കൈമാറിയ യുവാവ്‌ അറസ്‌റ്റിൽ. കപ്പൽശാലയിൽ കരാർ വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെ (30)യാണ്‌ എറണാകുളം സൗത്ത് പൊലീസ് അറസ്‌റ്റ്‌ ചെയ്തത്.

കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രമെടുത്തതിന് പുറമെ പ്രതിരോധ കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ സ്ഥാന വിവരങ്ങൾ, വിവിഐപികളുടെ സന്ദർശന വിവരങ്ങൾ, കപ്പലിനുള്ളിലെ വിവിധ സംഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഇയാൾ പകർത്തി. തുടർന്ന്‌ ശത്രുരാജ്യത്തിന് ഉപയോഗപ്രദമാകുന്ന രീതിയിൽ എയ്ഞ്ചൽ പായൽ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്ക്‌ കൈമാറി. മാർച്ച്‌ മുതൽ ഡിസംബർ 19 വരെയുള്ള കാലയളവിലായിരുന്നിത്‌.

ഇന്റലിജൻസ്‌ ബ്യൂറോ, കപ്പൽശാലയിലെ ആഭ്യന്തരസുരക്ഷ അന്വേഷണവിഭാഗം എന്നിവയുടെ അന്വേഷണത്തിലാണ്‌ സംഭവം കണ്ടെത്തിയത്‌. തുടർന്ന്‌ പൊലീസിനും റിപ്പോർട്ട്‌ കൈമാറി. രാജ്യസുരക്ഷയ്‌ക്ക്‌ ഭംഗം വരുത്തുന്ന തരത്തിൽ ഔദ്യോഗിക രഹസ്യവിവരങ്ങൾ കൈമാറിയെന്ന്‌ കാട്ടി കപ്പൽശാലയിലെ സെക്യൂരിറ്റി ഓഫീസർ പൊലീസിൽ പരാതി നൽകിയിരുന്നു കപ്പൽശാലയിൽനിന്ന്‌ അന്വേഷകസംഘങ്ങൾ കസ്‌റ്റഡിയിലെടുത്ത ശ്രീനിഷിനെ സൗത്ത്‌ പൊലീസിന്‌ കൈമാറി. ഇയാളെ റിമാൻഡ്‌ ചെയ്‌തു.

രാജ്യത്തിന്‌ പുറത്തേക്കും അന്വേഷണം

ഫെയ്സ്‌ബുക് വഴിയാണ്‌ എയ്ഞ്ചൽ പായലിനെ ശ്രീനിഷ്‌ പരിചയപ്പെട്ടത്‌. ഇവരുടെ സൗഹൃദ അപേക്ഷ ഇയാൾ സ്വീകരിച്ചു. പിന്നീട്‌ ഇരുവരും സ്ഥിരം ചാറ്റ്‌ ചെയ്‌തു. സൗഹൃദം വളർന്നു. ഒരിക്കൽ ശ്രീനിഷിനെ എയ്‌ഞ്ചൽ വിളിച്ചു. ഹിന്ദിയിലാണ്‌ സംസാരിച്ചതെന്ന്‌ ശ്രീനിഷ്‌ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇവരുടെ നിർദേശപ്രകാരമാണ്‌ ചിത്രങ്ങൾ അയച്ചതെന്നും പറഞ്ഞു. മെസഞ്ചർ വഴിയാണ്‌ കൈമാറിയത്‌. സമൂഹമാധ്യമ അക്കൗണ്ട്‌, ഫോൺ കോളുകൾ എന്നിവ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്‌. വിദേശ ബന്ധമുള്ളതായി സൂചന ലഭിച്ചതായാണ്‌ വിവരം. ചില സന്ദേശങ്ങൾ നീക്കം ചെയ്‌തതായും കണ്ടെത്തി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!