വാഹനങ്ങളിൽ രൂപമാറ്റം; ഇന്‍ഷൂറന്‍സും കട്ടാവും

Share our post

അനധികൃത രൂപമാറ്റം (ആൾട്ടറേഷൻ) നടത്തിയ വാഹനങ്ങൾ അപകടത്തിൽപെട്ടാൽ ഇന്‍ഷൂറൻസ് നിഷേധിക്കുന്ന തീരുമാനമെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നു. വാഹനനിർമ്മാതാക്കൾ നിഷ്‌കർഷിക്കുന്ന ശേഷിയിൽ കൂടുതൽ വാട്സിൽ ലൈറ്റുകളും മറ്റും സ്ഥാപിക്കുന്നതാണ് തീപിടിത്തം ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്കിടയാക്കുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നീക്കം. ഇക്കാര്യത്തിൽ ആദ്യം ബോധവത്കരണം നടത്തും. ഫലം കണ്ടില്ലെങ്കിൽ ഇന്‍ഷൂറൻസ് നിഷേധിക്കും. ഇതിനായി ഇന്‍ഷൂറൻസ് കമ്പനികളുമായി ഉടൻ വകുപ്പ് അധികൃതർ ചർച്ച നടത്തും

വാഹനങ്ങളിൽ തീപിടിത്തമുണ്ടാകുന്നതിനു പ്രധാന കാരണം അനധികൃത രൂപമാറ്റമാണെന്ന് സർക്കാർ നിയോഗിച്ച പഠന സമിതി കണ്ടെത്തിയിരുന്നു. ഈ പ്രവണത ഒഴിവാക്കുന്നതിന് സമിതി തന്നെയാണ് ഇന്‍ഷൂറൻസ് ഒഴിവാക്കുന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. താഴ്ന്ന വേരിയന്റ് വാഹനത്തിൽ ഉയർന്ന വേരിയന്റ് വാഹനങ്ങളുടെ ലൈറ്റും ഹോണും ക്യാമറയും സ്ഥാപിക്കും. മറ്റ് ഇലക്ട്രിക് സാമഗ്രികളിലും രൂപമാറ്റം വരുത്തും. കമ്പനി നിഷ്‌കർഷിച്ച ശേഷിയിൽ കൂടുതൽ വാട്സിൽ ലൈറ്റുകൾ സ്ഥാപിക്കും. നിലവാരമില്ലാത്ത വർക്‌ഷോപ്പുകളിലാണ് ഇതു പലപ്പോഴും ചെയ്യുന്നത്.

വാഹന നിർമ്മാതാക്കൾ ഘടിപ്പിച്ച സർക്ക്യൂട്ടും കേബിളുകളും മുറിച്ചശേഷം ഗുണനിലവാരം കുറഞ്ഞ കേബിളുകൾ കൂട്ടിയോജിപ്പിച്ചാണ് ഇത്തരം രൂപമാറ്റം നടത്തുന്നത്. കൂടിയ വാട്സ് ലൈറ്റുകൾ അനധികൃതമായി ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ചൂടിൽ ഗുണനിലവാരമില്ലാത്ത കേബിളിൽ തീപിടിക്കാം. ഇത്തരം ആൾട്ടറേഷൻ വരുത്താൻ വാഹനക്കമ്പനിയുടെ അംഗീകൃത വർക്‌ഷോപ്പുകളിൽ മാത്രമേ അനുമതി നൽകാവൂ. എന്നും അല്ലാത്ത വർക്‌ഷോപ്പുകൾക്കെതിരെ നടപടിയെടുക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

എല്ലാ വാഹനങ്ങളിലും തീയണയ്ക്കാനുള്ള ഉപകരണം നിർബന്ധമാക്കണമെന്നും അത്യാഹിതമുണ്ടായാൽ രക്ഷപ്പെടാൻ സീറ്റ് ബെൽറ്റ് കട്ടറും ഗ്ലാസ് പൊളിക്കുന്നതിന് ചുറ്റികയും ഉണ്ടാകണമെന്നും റിപ്പോർട്ടിലുണ്ട്. ഇക്കാര്യം വാഹന നിർമ്മാതാക്കളോടു ഗതാഗതവകുപ്പ് ആവശ്യപ്പെടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!