ജനുവരി ഒന്ന് മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ കെ-സ്മാര്‍ട്ട്

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ജനുവരി ഒന്ന് മുതല്‍ കെ-സ്മാര്‍ട്ട് എന്ന പേരില്‍ സംയോജിത സോഫ്റ്റ്‌വെയർ സംവിധാനം നിലവില്‍വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലുമാണ് ആദ്യം ആരംഭിക്കുക. ഏപ്രില്‍ ഒന്ന് മുതല്‍ ഗ്രാമപഞ്ചായത്തുകളിലും ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പൊതുസേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭിക്കുന്ന സംവിധാനം രാജ്യത്താദ്യമാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാര്‍ക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും. ചട്ടപ്രകാരം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിട പെര്‍മിറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാവും. ജനന-മരണ രജിസ്ട്രേഷന്‍, രജിസ്ട്രേഷന്‍ തിരുത്തല്‍ എന്നിവ ഓണ്‍ലൈനായി ചെയ്യാം. സര്‍ട്ടിഫിക്കറ്റുകള്‍ ഇ-മെയിലായും വാട്സാപ്പിലൂടെയും ലഭ്യമാവും.
രാജ്യത്ത് ആദ്യമായി എവിടെനിന്നും ഓണ്‍ലൈനായി വിവാഹ രജിസ്ട്രേഷന്‍ സാധ്യമാവും. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് ലൈസന്‍സ് ഓണ്‍ലൈനായി സ്വന്തമാക്കി സംരംഭകര്‍ക്ക് വ്യാപാര-വ്യവസായ സ്ഥാപനം ആരംഭിക്കാം. കെട്ടിട നമ്പറിനും കെട്ടിട നികുതി അടയ്ക്കുന്നതിനും പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുന്നതിനും സംവിധാനമുണ്ട്.
തദ്ദേശ ഭരണ സംവിധാനം നിരീക്ഷിക്കുന്നതിനും അപേക്ഷ തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനും തദ്ദേശ സ്ഥാപനതലത്തിലും അതാത് ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഡാഷ് ബോര്‍ഡ് ക്രമീകരിച്ചു. ഓഡിറ്റ് സംവിധാനവും ഡിജിറ്റലൈസ് ചെയ്തതിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കപ്പെടും. ഈ സൗകര്യങ്ങളെല്ലാം ലഭ്യമാകുന്ന കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഇനി ഓഫീസ് കയറിയിറങ്ങാതെ എല്ലാ സേവനവും സ്മാര്‍ട്ട് ഫോണ്‍ മുഖേന നേടാനാവും.