ഇത് വെറുമൊരു കലണ്ടറല്ല; ഒരു ഇന്ററാക്ടീവ് കലണ്ടർ

കുന്നമംഗലം: ശാസ്ത്ര ചരിത്രവും ശാസ്ത്ര ദിനങ്ങളുമുണ്ട്, ഓരോ മാസത്തെയും ആകാശമുണ്ട്. ലോകത്തെ മാറ്റിമറിച്ച 12 ശാസ്ത്ര ചിന്തകളിലൂടെ ഒരു ഒന്നൊന്നര ശാസ്ത്ര കലണ്ടർ. വീട്ടിലും ക്ലാസ് മുറിയിലും വായനശാലയിലും ഓഫീസിലും ഉപയോഗിക്കാവുന്ന വേറിട്ടൊരു കലണ്ടർ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയാണ് പുതുമയാർന്ന കലണ്ടർ പുറത്തിറക്കുന്നത്. ശാസ്ത്രാവബോധവും ശാസ്ത്രവിജ്ഞാനവും പ്രചരിപ്പിക്കുന്നതിനുള്ള ബദൽ മാധ്യമമാണ് ലൂക്ക.
ഓരോ താളിലുമുള്ള ക്യൂ.ആർ കോഡിലൂടെ ഇരുന്നൂറോളം ശാസ്ത്രദിന ലേഖനങ്ങൾ വായിക്കാം. കലണ്ടറിലൂടെ ശാസ്ത്രജ്ഞരുമായി സംവദിക്കാനും അവസരമുണ്ട്. 12 മാസം 12 ശാസ്ത്രചിന്തകൾ കലണ്ടറിൽ ഡൂഡിൽ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു. ഡെമ്മിസൈസിൽ രണ്ട് കളറിലായി ചുമരിൽ തൂക്കാവുന്നതാണ് കലണ്ടർ. 22 മുതൽ ലൂക്ക വെബ്സൈറ്റിൽ ഓർഡർ ചെയ്യാം. 100 രൂപയാണ് വില https://luca.co.in/calendar/