സപ്ലൈകോ ക്രിസ്‌മസ് ചന്ത ഇന്ന് മുതൽ

തിരുവനന്തപുരം : ക്രിസ്‌മസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സപ്ലൈകോ ചന്തയ്ക്ക് വ്യാഴാഴ്‌ച തുടക്കമാകും. നോൺ സബ്സിഡി സാധനങ്ങളടക്കം അഞ്ച് മുതൽ 30 ശതമാനം വരെയും ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ പത്ത് മുതൽ 30 ശതമാനം വരെയും വിലക്കുറവിൽ ലഭിക്കും. ഹോർട്ടികോർപ്, മിൽമ എന്നിവയുടെ സ്റ്റാളും ഇതോടൊപ്പമുണ്ടാകും. സംസ്ഥാന ഉദ്ഘാടനം പകൽ 11.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. മന്ത്രി വി. ശിവൻകുട്ടി ആദ്യ വിൽപ്പന നിർവഹിക്കും.
കൊല്ലം സപ്ലൈകോ ഡിപ്പോ പരിസരം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ പാർക്കിങ് ഗ്രൗണ്ട്, എറണാകുളം ശിവക്ഷേത്രം മൈതാനം, തൃശൂർ കൊച്ചിൻ ദേവസ്വം പള്ളിത്താമം മൈതാനം എന്നിവിടങ്ങളിൽ സപ്ലൈകോ ജില്ലാ ഫെയറുകൾ സംഘടിപ്പിക്കും. രാവിലെ പത്ത് മുതൽ വൈകിട്ട് എട്ടുവരെ പ്രവർത്തിക്കും. 25ന് അവധിയായിരിക്കും. 30ന് സമാപിക്കും.