പേരാവൂർ താലൂക്കാസ്പത്രി റോഡുകൾ അത്യാഹിതത്തിൽ; വേണം ‘മേജർ സർജറി’

പേരാവൂർ: നടുവേദനയുമായെത്തുന്ന രോഗികളുടെ നടുവൊടിക്കും പേരാവൂർ താലൂക്കാസ്പത്രി വളപ്പിൽ പ്രവേശിച്ചാൽ. പ്രവേശന കവാടം മുതൽ ആസ്പത്രിക്കുള്ളിലെ മുഴുവൻ ബ്ലോക്കുകളിലേക്കുമുള്ള റോഡുകൾ പൊട്ടിത്തകർന്ന് നാശമായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ പോലും അധികൃതർ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.
ആസ്പത്രിയുടെ അത്യാഹിത വിഭാഗം, പ്രസവ വിഭാഗം, പനി ക്ലിനിക്ക്, ഡയാലിസിസ് വിഭാഗം, ഫാർമസി, ലാബ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള റോഡുകളെല്ലാം പൂർണമായും തകർന്ന് കാൽനടക്ക് പോലും പറ്റാതായിട്ട് മാസങ്ങളായി. കുണ്ടും കുഴിയുമായ റോഡിലൂടെ രോഗികളെ ആസ്പത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷക്കാർക്കും താത്പര്യമില്ല.
ആരോഗ്യവകുപ്പും ആസ്പത്രിയുടെ ഭരണനിർവാക്കുകൾ കരായ പേരാവൂർ ബ്ലോക്ക് പഞ്ചായത്തും തികഞ്ഞ അലംഭാവമാണ് ഇക്കാര്യത്തിൽ തുടരുന്നത്. ഗർഭിണികളും അപകടത്തെത്തുടർന്നെത്തുന്നവരും ഏറെ ദുരിതത്തിലാകുന്നത് തുടർക്കഥയായിട്ടും അധികൃതർക്ക് യാതൊരു അനക്കവുമില്ല.
പേരാവൂർ പുതുശേരി റോഡിൽ നിന്നാണ് ആസ്പത്രി കോമ്പൗണ്ടിനുള്ളിലേക്കും പുറത്തേക്കുമായി രണ്ട് റോഡുകളുള്ളത്. ബഹുനില കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി റോഡുകളിലൊന്ന് വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. നിലവിലുള്ള റോഡ് പൂർണമായും തകർന്നു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആസ്പത്രിയിലേക്കുള്ള വഴിയും തകർന്ന നിലയിലാണ്.
ആസ്പത്രിയുടെ ചുറ്റുമതിലും ബഹുനിലകെട്ടിടവും നിർമിക്കുന്ന വേളയിൽ റോഡുകളും നവീകരിക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ, ബഹുനില കെട്ടിട നിർമാണം നിലച്ചിട്ട് രണ്ട് വർഷത്തിലധികമായി. ചുറ്റുമതിൽ കെട്ടലും എങ്ങുമെത്തിയിട്ടില്ല. റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് ആസ്പത്രിയെ ആശ്രയിക്കുന്നവരുടെ ആവശ്യം.