പി.എസ്.സി കൂടുതൽ ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ ആരംഭിക്കുന്നു

Share our post

കണ്ണൂർ : പരീക്ഷകൾ സുതാര്യവും മൂല്യനിർണയം വേഗത്തിലുമാക്കാൻ സംസ്ഥാനത്ത് കൂടുതൽ ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ ആരംഭിക്കാൻ കേരള പബ്ലിക് സർവിസ് കമീഷൻ ഒരുങ്ങുന്നു.

സെന്ററുകൾ ഇല്ലാത്ത ആലപ്പുഴ, ഇടുക്കി ജില്ലകളിൽ സ്ഥലം കണ്ടെത്തിയും വാടകക്ക് പ്രവർത്തിക്കുന്ന തൃശൂർ, കാസർകോട് ജില്ലകളിൽ ഭൂമി സംബന്ധമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയും നിർമാണ
പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 2018 ജൂലൈ 22ന് പി.എസ്.സി നടത്തിയ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ തട്ടിപ്പ് പുറത്തുവന്ന തോടെയാണ് പരീക്ഷകൾ ഘട്ടംഘട്ടമായി ഓൺലൈനാക്കാൻ ശ്രമം തുടങ്ങിയത്. അന്ന് നാല് ഓൺലൈൻ സെൻ്ററുകൾ മാത്രമായിരുന്നു പി.എസ്.സിക്ക് ഉണ്ടായിരുന്നത്.

ഓൺലൈൻ പരീക്ഷ വ്യാപകമാക്കുന്നതിന്റെ ഭാഗമായി 2019ൽ സർക്കാർ എൻജിനീയറിങ് കോളജുകൾക്ക് പുറമെ, സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലെ സൗകര്യങ്ങൾകൂടി പരീക്ഷക്ക് ഉപയോഗിക്കാൻ അന്നത്തെ കമീഷൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 40 ഓളം സെന്ററുകളിലായി 8500 പേർക്ക് വരെ ഒരേ സമയം പരീക്ഷ എഴുതാൻ പി.എസ്.സി സൗകര്യമൊരുക്കി.

പി.എസ്.സിയുടെ ആവശ്യാനുസരണം കമ്പ്യൂട്ടർ ലാബുകൾ വിട്ടുകൊടുക്കാൻ കോളേജുകൾ വിസമ്മതിച്ചതും കോളേജുകളിലെ കമ്പ്യൂട്ടറും ലാപ്ടോപ്പുകളും ഉപയോഗിച്ചുള്ള പരീക്ഷ നടത്തിപ്പ് തട്ടിപ്പിന് വഴിവെച്ചാക്കാമെന്ന കണ്ടെത്തലിനെ തുടർന്നും ഈ തീരുമാനത്തിൽനിന്ന് പി.എസ്.സി പിന്നോക്കം പോകുകയായിരുന്നു. നിലവിൽ സർക്കാർ ജീവനക്കാർക്കായി നടത്തുന്ന വകുപ്പുതല പരീക്ഷകൾക്ക് മാത്രമാണ് പി.എസ്.സി എൻജിനീയറിങ് കോളേജുകളെ ആശ്രയിക്കുന്നത്.

കൊല്ലം, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലൊഴികെ പി.എസ്.സിക്ക് സ്വന്തമായും വാടകക്കും സെന്ററുകളുണ്ട്. ഇവിടങ്ങളിൽ പരമാവധി 5000ത്തിൽ താഴെ ഉദ്യോഗാർഥികളെ മാത്രമേ ഉൾക്കൊള്ളാൻ സാധിക്കൂ. ആരോഗ്യപ്രശ്‌നങ്ങളും അംഗപരിമിതിയും മുലയൂട്ടലും ചൂണ്ടിക്കാട്ടി സെന്ററുകൾ മാറ്റാൻ അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ അപേക്ഷപോലും ഓൺലൈൻ സെന്ററുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് പി.എസ്.സി തള്ളുകയാണ്.

ഡിസംബർ 11ന് നടന്ന യൂനിവേഴ്സിറ്റി പി.ആർ.ഒ തസ്തികക്ക് അപേക്ഷിച്ച എറണാകുളത്തുകാർക്ക് സ്ഥലപരിമിതി മൂലം കോഴിക്കോട്ടാണ് സെന്റ്റർ അനുവദിച്ചത്. ഇതുമൂലം സ്ത്രീകളടക്കം നിരവധി ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമായി. പരാതികൾ ശ്രദ്ധയിൽപെട്ടതോടെയാണ് ഓൺലൈൻ കേന്ദ്രങ്ങളില്ലാത്ത ആറ് ജില്ലകളിൽകൂടി സ്വന്തമായും വാടകക്കും ഓൺലൈൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ പി.എസ്.സി തീരുമാനിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!