ശബരിമല തീർഥാടകർക്ക് സുഖയാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി

ശബരിമല : മണ്ഡല– മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിലെത്തുന്ന തീർഥാടകർക്ക് സുഖയാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി തീർഥാടകർക്ക് യാത്രാ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത തരത്തിൽ കുറ്റമറ്റ നിലയിലാണ് പ്രവർത്തനം. വലിയ വാഹനങ്ങൾ പമ്പയിലേയ്‌ക്ക് കടത്തി വിടാത്തതിനാൽ നിലയ്‌ക്കലിൽനിന്ന് പമ്പയിലേയ്‌ക്കും തിരിച്ചും തീർഥാടകരെത്തുന്നത് കെ.എസ്.ആർ.ടി.സിയിൽ തന്നെ. ഇത്തരത്തിൽ നിലയ്‌ക്കലും പമ്പയിലും എത്തുന്ന തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകാതെ എത്തിക്കാൻ സർക്കാർ സംവിധാനം കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നത്.
ബസിനായി കാത്തുനിൽക്കാതെ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ നിലയ്‌ക്കൽ– പമ്പ ചെയിൻ സർവീസുകൾ ഇടതടവില്ലാതെ നിരത്തിലുണ്ട്. മണ്ഡലകാലം ആരംഭിച്ച് ഞായറാഴ്‌ച വരെ 18.31 കോടിയുടെ വരുമാനമാണ് കെ.എസ്.ആർ.ടി.സി നേടിയിരിക്കുന്നത്. ശരാശരി 71 ലക്ഷത്തിന്റെ പ്രതിദിന വരുമാനമാണ് ഇപ്പോൾ ലഭിക്കുന്നത്.
എത്ര വലിയ തീർഥാടക പ്രവാഹം തന്നെ ഉണ്ടായാലും അതിനെ നേരിടുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് കെഎസ്‌ആർടിസി കൈക്കൊണ്ടിരിക്കുന്നത്. നിലവിൽ 190 ബസുകളാണ് നിലയ്‌ക്കൽ– പമ്പ ചെയിൻ സർവീസ് നടത്തുന്നത്. 145 നോൺ എസി ബസുകളും 45 എസി ബസുകളുമാണ് ചെയിൻ സർവീസ് നടത്തുന്നത്. എസി 80, നോൺ എസി 50 എന്നിങ്ങനെയാണ് നിരക്ക്. സീറ്റ് നിറയുമ്പോൾ ബസ് എടുക്കുന്ന നിലയിൽ രണ്ട് സ്ഥലങ്ങളിലും ബസുകൾ കാത്ത് കിടക്കും. പമ്പയിലോ നിലയ്‌ക്കലോ ആളുകൾ കൂടുതലാകുമ്പോൾ കാലിയായി എത്തിയും സർവീസ് നടത്തുന്നു. 41 ദീർഘ ദൂര സർവീസുകളും പമ്പ ഡിപ്പോയിൽ നിന്ന് നടത്തുന്നു.
തിരുവനന്തപുരം, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, തൃശ്ശൂർ, കൊട്ടാരക്കര, ഗുരുവായൂർ, ഓച്ചിറ എന്നിവിടങ്ങളിലേയ്‌ക്കാണ് ദീർഘ ദൂര സർവീസുകൾ. തെങ്കാശി,പളനി, കോയമ്പത്തൂർ തുടങ്ങിയ ഇതര സംസ്ഥാന സർവീസുകളും നടത്തുന്നു. ഇതുകൂടാതെ പ്രതിദിനം 300ൽ അധികം ബസുകൾ മറ്റ് ഡിപ്പോകളിൽ നിന്ന് ശബരിമലയിൽ എത്തുന്നുണ്ട്.
മകരവിളക്ക് ദിവസങ്ങളിൽ തിരക്ക് വർധിക്കുന്നതിന് അനുസരിച്ച് കൂടുതൽ ബസുകൾ നിരത്തിലിറക്കും. ആകെ 485 ബസുകളാണ് തീർഥാടനത്തനായി കെഎസ്‌ആർടിസി മാറ്റി വെച്ചിരിക്കുന്നത്. മകരവിളക്ക് സമയത്ത് കൂടുതലായി 800 ബസുകൾ കൂടി നിരത്തിലിറക്കും. ഇതിൽ ഭൂരിഭാഗവും ദീർഘദൂര സർവീസുകൾക്കായാണ് ഉപയോഗിക്കുക. ഇതിനുള്ള ബസുകൾ മുൻകൂട്ടി തന്നെ തയാറാക്കിയിട്ടുണ്ട്.
മുൻ വർഷത്തെ അപേക്ഷിച്ച് കണ്ടക്ടറോട് കൂടിയാണ് സർവീസ് നടത്തുന്നത്. കണ്ടക്‌ടർ ഇല്ലെങ്കിൽ തീർഥാടകർ വരിനിന്ന് ടിക്കറ്റ് എടുത്തശേഷം വേണമായിരുന്നു ബസിൽ കയറാൻ. ഇത് തിക്കിനും തിരക്കിനും കാരണമായിരുന്നു. തീർഥാടകർക്കുണ്ടാകുന്ന ഈ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഇത്തവണ ചെയിൻ സർവീസിൽ കണ്ടക്ടറെയും നിയമിച്ചത്.
പമ്പ ത്രിവേണിയിൽ നിന്ന് പമ്പ കെ.എസ്.ആർ.ടി.സിയിലേയ്‌ക്ക് സൗജന്യ സർവീസും നടത്തുന്നു. ദീർഘ ദൂര ബസുകൾ പമ്പ കെ.എസ്.ആർ.ടി.സിയിൽ നിന്നാണ് ആരംഭിക്കുക. മലയിറങ്ങി കെ.എസ്.ആർ.ടി.സി വരെ നടന്നെത്തി ബസിൽ കയറേണ്ട അവസ്ഥ ഇതിലൂടെ ഒഴിവായി.