ഇടയ്ക്ക പ്രമാണി തിച്ചൂർ മോഹനൻ അന്തരിച്ചു

തൃശൂർ : പൂരം മഠത്തിൽ വരവ് തിരുവമ്പാടി പഞ്ചവാദ്യം ഇടയ്ക്ക പ്രമാണി തിച്ചൂർ മോഹനൻ (66) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇടയ്‌ക്ക, ചെണ്ട, തിമില എന്നിവ തികഞ്ഞ താളബോധത്തോടെ കൈകാര്യം ചെയ്യുന്ന കലാകാരനാണ്.
കിള്ളിക്കുറിശ്ശി മംഗലം കോപ്പാട്ട് പൊതുവാട്ടിൽ ഗോവിന്ദൻകുട്ടി പൊതുവാളിന്റെയും തിച്ചൂർ പൊതുവാട്ടിൽ ലക്ഷിക്കുട്ടി പൊതുവാളസ്യാരുടെയും മകനാണ്. വരവൂർ കുട്ടൻ നായർ, പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ എന്നിവരുടെ കീഴിൽ തായമ്പകയും പുതുക്കോട് കൊച്ചമാരാരിൽനിന്ന് തിമിലയും അഭ്യസിച്ചു.
തായമ്പക, പാണി, ഉസ്തവബലി തുടങ്ങീ ചടങ്ങുകളിൽ സജീവമാണ്. ഇടക്കയിൽ കേന്ദ്രീകരിച്ച അദ്ദേഹം 1980മുതൽ തൃശൂർ പൂരം തിരുവമ്പാടി വിഭാഗം ഇടക്കക്കാരനാണ്. പിന്നീട് പ്രമാണിയുമായി. കേരളത്തിലെ പ്രധാന ക്ഷേത്രചടങ്ങുകളിൽ സജീവമാണ്. പഞ്ചവാദ്യത്തിൽ ഇടക്കയും തിമിലയും, മേളത്തിൽ ചെണ്ടയും കൊട്ടിക്കയറും. ഇടക്കയും നാദസ്വരവും ഉപയോഗിച്ചുള്ള സമന്വയത്തിലും പങ്കാളിയാവാറുണ്ട്. സംഗീത നാടക അക്കാദമി അവാർഡും നിരവധി സുവർണമുദ്രകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
2021ൽ പൂരം ചടങ്ങ് മാത്രമായി ആഘോഷിച്ചു സമയത്ത് രാത്രിയിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് എഴുന്നെള്ളിപ്പിനിടെ ആൽമരത്തിന്റെ കൊമ്പ് പൊട്ടി വീണുണ്ടായ അപകടത്തിൽ തിച്ചൂർ മോഹനനും പരിക്കേറ്റിരുന്നു. വിജയലക്ഷ്‌മിയാണ് ഭാര്യ. മകൻ കാർത്തികേയൻ.