ദ്രോണാചാര്യ അവാർഡ് ഇ. ഭാസ്കരന്

Share our post

കണ്ണൂർ : കബഡി പരിശീലകൻ ഇ. ഭാസ്കരന് ഈ വർഷത്തെ ദ്രോണാചാര്യ അവാർഡ്. കരിവെള്ളൂർ കൊടക്കാട് സ്വദേശിയായ ഇ. ഭാസ്കരൻ കബഡി പരിശീലന രംഗത്തെ മികവുറ്റ പരിശീലകനെന്ന് പേരെടുത്ത വ്യക്തിയാണ്.

ചൈനയിലെ ഹാങ്ങ് ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ കബഡി മത്സരത്തിൽ നാടകീയ ഫൈനലിൽ ഇന്ത്യക്ക് ഒരു സ്വർണം നേടിയ ടീമിന്റെ പരിശീലകനായിരുന്നു എടച്ചേരി ഭാസ്ക്കരൻ എന്ന ഇ. ഭാസ്കരൻ. ബംഗളൂരു സായിയിൽ ഹൈ പെർഫോമൻസ് കോച്ചായ ഭാസ്‌കരന് കീഴിലാണ് 2010-ൽ ഇന്ത്യൻ പുരുഷ ടീമും 2014ൽ വനിതാ ടീമും സ്വർണം നേടിയത്‌. 2009ലാണ് ഭാസ്കരൻ ആദ്യമായി ഇന്ത്യൻ പരിശീലകനാകുന്നത്. വിയറ്റ്നാം ഇൻ‌ഡോർ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീമിനെ ചാംപ്യൻമാരാക്കി. 2010ൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ പുരുഷ ടീമിന്റെയും 2014ൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ വനിതാ ടീമിന്റെയും പരിശീലക സ്ഥാനത്തുണ്ടായി. കഴിഞ്ഞ ജൂണിൽ ബുസാനിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ പുരുഷ ടീമിനെ സ്വർണമണിയിച്ചു. 

2014 മുതൽ തുടർച്ചയായി അഞ്ച് സീസണിൽ യു മുംബൈ ടീമിന്റെ കോച്ച് ആയിരുന്നു. ടീമിനെ ഒരു തവണ ചാംപ്യൻമാരും രണ്ട് തവണ രണ്ടാം സ്ഥാനക്കാരുമാക്കി. 2016 മുതൽ 2018 വരെ തമിൾ തലൈവാസ് ടീം പരിശീലകനായിരുന്നു. ഇന്ത്യൻ ആർമിയുടെയും സർവീസസിന്റെയും മുഖ്യ പരിശീലകനായിരുന്നു. മുൻ ദേശീയ താരം കൂടിയായ ഭാസ്കരൻ ഇന്ത്യൻ ആർമിയിൽ നിന്ന് സുബേദാർ മേജർ ഓണററി ക്യാപ്റ്റനായി വിരമിച്ചു.

ഭോപ്പാൽ മിലിട്ടറി ഇ.എം.ഇ.യിൽ സുബേദാർ മേജറായിരുന്ന ഭാസ്കരൻ കാസർകോട് ജില്ലയിലെ കൊടക്കാട് വെള്ളച്ചാൽ റെഡ്സ്റ്റാർ ടീമിലൂടെയാണ്‌ കബഡിയിലെത്തിയത്‌. പയ്യന്നൂർ കോളേജിനും കാലിക്കറ്റ് സർവകലാശാലയ്‌ക്കും വേണ്ടി ജേഴ്സിയണിഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!