വയർലെസ്‌ സന്ദേശം ചോർത്തൽ; ഷാജൻ സ്‌കറിയയെ അറസ്‌റ്റ്‌ ചെയ്‌തു

Share our post

കൊച്ചി : പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ പാലാരിവട്ടം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സൈബർ തീവ്രവാദം എന്ന വകുപ്പ്‌ ചുമത്തിയാണ്‌ അറസ്‌റ്റ്‌. ഷാജൻ സ്‌കറിയയ്‌ക്കും ഗൂഗിളിനുമെതിരെ കേസെടുക്കാൻ എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്‌ കോടതി പൊലീസിന്‌ നിർദേശം നൽകിയിരുന്നു.

മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും പാലാരിവട്ടം സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്ന്‌ കോടതി നിർദേശിച്ചു. തുടർന്ന്‌ തിങ്കൾ രാവിലെ ഹാജരായപ്പോഴാണ്‌ അറസ്‌റ്റ്‌. ഷാജൻ വയർലെസ് സന്ദേശം ചോർത്തിയതും യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചതും ഗുരുതര കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ മുഹമ്മദ്‌ ഫിർദൗസാണ്‌ കോടതിയെ സമീപിച്ചത്. ഷാജൻ സ്‌കറിയയുടെ പ്രവൃത്തി സൈബർ തീവ്രവാദമാണെന്ന പരാതിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാണ്‌ കോടതി നടപടി. അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും നിർദേശിച്ചിരുന്നു.

ഗൂഗിൾ ഒന്നാം പ്രതിയും ഗൂഗിൾ ഇന്ത്യയുടെ പ്രതിനിധികൾ രണ്ടുമുതൽ ഏഴുവരെയും പ്രതികളുമാണ്‌. ഷാജൻ സ്‌കറിയയും സഹപ്രവർത്തകരും ഒൻപത് മുതൽ 11 വരെയുള്ള പ്രതികളാണ്‌. ചോദ്യം ചെയ്യലിനുശേഷം ഒരുലക്ഷം രൂപയുടെ ബോണ്ടിൽ ഷാജൻ സ്കറിയയെ ജാമ്യത്തിൽ വിട്ടു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!