ആ മുന്തിരി പുളിക്കും; ലൈസൻസില്ലാതെ വീട്ടിൽ വൈനുണ്ടാക്കുന്നത് കുറ്റം

Share our post

തൃശ്ശൂർ: ക്രിസ്മസ്‌ കാലത്ത് വൈനുണ്ടാക്കി സാമൂഹിക മാധ്യമങ്ങൾ വഴി വിറ്റ് കാശാക്കാമെന്ന് കരുതിയെങ്കിൽ അപകടമാണ്. 2022-ലെ കേരള അബ്കാരിനിയമത്തിലെ ചട്ടപ്രകാരം ലൈസൻസില്ലാതെ വൈനുണ്ടാക്കിയാൽ ജയിലിൽപ്പോകേണ്ടിവരും. ഒരു ലക്ഷം രൂപ പിഴമുതൽ 10 വർഷം തടവുവരെ ലഭിക്കാവുന്ന കുറ്റമാണ് ലൈസൻസില്ലാതെയുള്ള വീട്ടിലെ വൈൻ നിർമാണം.

പഴങ്ങളും പഞ്ചസാരയുമടക്കമുള്ള ചേരുവകൾ പുളിപ്പിച്ചെടുക്കുമ്പോൾ ആൽക്കഹോളിൻ്റെ അംശം രൂപപ്പെടുമെന്നതാണ് നിയമലംഘനമാകാൻ കാരണം. 

വിവിധപഴങ്ങളും കിഴങ്ങുകളുംകൊണ്ട് വൈനുണ്ടാക്കുന്നത് സംബന്ധിച്ച് അബ്കാരി നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് ചെറുകിട വ്യവസായമെന്ന രീതിയിൽ വൈനറി ലൈസൻസ് ലഭിക്കാൻ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്കാണ് അപേക്ഷനൽകേണ്ടത്.

ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ രൂപം നൽകുന്ന സാങ്കേതികക്കമ്മിറ്റിയിൽ കൃഷിവകുപ്പ് അസിസ്റ്റൻ്റ് ഡയറക്‌ടറും ഫുഡ് സേഫ്റ്റി അസിസ്റ്റൻ്റ് കമ്മിഷണറും പൊതുമരാമത്ത് അസിസ്റ്റൻ്റ് എക്‌സിക്യുട്ടീവ് എൻജിനിയറും അംഗങ്ങളാണ്. കർശനമായ പരിശോധനകൾക്കുശേഷമാണ് ലൈസൻസ്.

എന്നാൽ, വൈൻ എന്ന് സൂചിപ്പിക്കാതെ മുന്തിരി ജ്യൂസ് എന്നപേരിലും വൈൻ വിപണിയിലെത്തുന്നുണ്ട്. ഇവയിൽ ആൽക്കഹോൾ പരിശോധന നടക്കുന്നില്ലെന്നതാണ് വസ്‌തുത. ലൈസൻസിന് 50,000 രൂപയും ബോട്ടിലിങ് ലൈസൻസിന് 5000 രൂപയുമാണ് ഫീസ്.

ചെറുതും കുറ്റകരം

ചെറിയ അളവോ വലുതോ എന്നല്ല ഫെർമെൻ്റേഷൻ നടക്കുന്ന വസ്‌തുക്കൾ വീട്ടിലുണ്ടാക്കുന്നത് കുറ്റകൃത്യമാണ്. ക്രിസ്‌മസ്, ന്യൂഇയർ പ്രമാണിച്ച് മറ്റുവകുപ്പുകളും ഇതരസംസ്ഥാനങ്ങളുമായി ചേർന്നും പരിശോധന കർശനമാക്കിയിട്ടുണ്ട്. അനധികൃതവൈൻ നിർമാണകേന്ദ്രങ്ങളായേക്കാവുന്ന പ്രസവരക്ഷാസവ നിർമാണകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും പരിശോധനനടത്താൻ നിർദേശം നൽകിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!