തലശ്ശേരിയിൽ എട്ടര കിലോ കഞ്ചാവ് റോഡരികിൽ ഉപേക്ഷിച്ച് മുങ്ങി; രക്ഷപ്പെട്ടവരെ പറ്റി സൂചന

തലശ്ശേരി: വഴിയിൽ പരിശോധന നടത്തുകയായിരുന്ന എക്സൈസിനെയും പോലീസിനെയും വെട്ടിക്കാൻ എട്ടര കിലോയോളം ഉണക്കക്കഞ്ചാവ് ദേശീയ പാതയോരത്ത് തള്ളി ലഹരി ഇടപാടുകാർ മുങ്ങി. തിങ്കൾ വൈകിട്ടാണ് സംഭവം. ദേയീയ പാതയിൽ കൊടുവള്ളി ആമൂക്ക പള്ളിക്കടുത്ത കാർ വാഷ് സ്ഥാപനത്തിന് സമീപമാണ് കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പരിസരത്തുള്ളവർ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ കഞ്ചാവ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് ലഹരി പകരാനായി മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിൽ നിന്നും തലശ്ശേരിയിലേക്ക് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ശേഖരമാണ് പിടിയിലായതെന്നറിയുന്നു. റോഡിൽ എക്സൈസും പോലിസും സംയുക്തമായി വാഹന പരിശോധന നടത്തുന്നത് ശ്രദ്ധയിൽപെട്ടതോടെ കഞ്ചാവ് വഴിയിൽ തള്ളി സംഘം രക്ഷപ്പെടുകയായിരുന്നുവെന്നാണ് അനുമാനിക്കുന്നത്. പരിസരത്തെ കടകളിലുള്ള സി.സി.ടി.വി. പരിശോധിച്ച് ലഹരി കടത്ത് സംഘത്തെ കണ്ടെത്താൻ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. ചില സൂചനകൾ ലഭിച്ചതായി വിവരമുണ്ട്.
അസി. എക്സൈസ് ഇൻസ്പക്ടർ സി. സെന്തിൽ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ലെനിൻ എഡ് വേർഡ്, ഒ. ലിമേഷ്, പി.പി. ഐശ്വര്യ, പോലീസ് ഇൻസ്പക്ടർ സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫിസർ രാഗേഷ് എന്നിവരാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്.
കണ്ടെടുത്ത കഞ്ചാവ് ശേഖരത്തിന് ലഹരി മാർക്കറ്റിൽ ഏതാണ്ട് രണ്ടര ലക്ഷം രൂപ വിലവരും. പ്രതികൾക്ക് പത്ത് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷയും ലഭിച്ചേക്കാം.