സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി അടുപ്പമുണ്ടാക്കി പീഡനം ; പ്രതി അറസ്റ്റില്‍

കൊല്ലം: സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ വലയിലാക്കി പീഡനത്തിനിരയാക്കുന്ന പ്രതി അറസ്റ്റില്‍. കൊല്ലം പത്തനാപുരം സ്വദേശിയായ എം.എസ് ഷാ എന്നയാളാണ് പിടിയിലായത്. പെണ്‍കുട്ടികള്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ മെസ്സേജുകള്‍ അയക്കുകയും മറുപടി അയക്കുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയുമായിരുന്നു ഇയാളുടെ പതിവ്.
നൂറനാട് സ്വദേശിനിയായ 18 വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലാണ് ഷായുടെ അറസ്റ്റ്. ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടതും അടുപ്പം സ്ഥാപിച്ചതും. തുടര്‍ന്ന് സൗഹൃദം മുതലാക്കി സ്വര്‍ണ്ണ മാലയും കമ്മലും ഊരി വാങ്ങി പണയം വെച്ചു. യുവതിക്ക് പ്രതിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയിലെത്തി. സ്വര്‍ണാഭരണങ്ങള്‍ തിരികെ തരാമെന്നും വിവാഹം കഴിക്കാമെന്നുമായിരുന്നു പെണ്‍കുട്ടിക്ക് നല്‍കിയ വാഗ്ദാനം.
തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതിന് രാത്രി എട്ടു മണിയോടെ ഓട്ടോറിക്ഷയില്‍ വീടിന് സമീപമെത്തി നിര്‍ബന്ധിച്ച് വിളിച്ചിറക്കി കൊണ്ടുപോയി. നേരെ ഭരണിക്കാവിലെ വാടകവീട്ടില്‍ എത്തിച്ച് പീഡനത്തിനിരയാക്കി. തൊട്ടടുത്ത ദിവസം സ്വര്‍ണാഭരണങ്ങള്‍ തിരികെ എടുത്തു തരാം എന്ന് പറഞ്ഞു കൊട്ടാരക്കര കെ.എസ്ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പെണ്‍കുട്ടി പലതവണ പ്രതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് നൂറനാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു
മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി പെണ്‍കുട്ടികളെ ഇയാള്‍ വഞ്ചിച്ചതായി പോലീസിന് സൂചന ലഭിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ ആകര്‍ഷകമായ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാറുള്ള ഷാ, പെണ്‍കുട്ടികള്‍ക്ക് മെസ്സേജുകള്‍ അയക്കുകയും ചാറ്റുകളോട് പ്രതികരിക്കുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കുന്നതാണ് പതിവ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഇയാള്‍.