ക്രിസ്മസ് കാർഡിന് പ്രിയം വിദ്യാർഥികൾക്കിടയിൽ

കണ്ണൂർ : ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടുകളും ക്രിസ്മസ് അനുബന്ധ വീഡിയോകളും സാമൂഹികമാധ്യമങ്ങൾ വഴി തകൃതിയായി പങ്കുവെക്കുമ്പോഴും കോളേജ് വിദ്യാർഥികൾക്കിടയിൽ ക്രിസ്മസ് കാർഡിന് ആവശ്യക്കാരേറുന്നു. കൂട്ടുകാർക്കും കോളേജുകളിലെ ക്രിസ്മസ് പരിപാടികളിലെ ‘ക്രിസ്മസ് ഫ്രണ്ടിനും’ നൽകാനാണ് കൂടുതൽ വിദ്യാർഥികളും കാർഡുകൾ വാങ്ങുന്നത്.
ചെറിയ ക്ലാസുകളിൽ പഠിക്കുന്ന സ്കൂൾ വിദ്യാർഥികൾക്കായി രക്ഷിതാക്കളും കാർഡുകൾ വാങ്ങുന്നുണ്ടെന്ന് വില്പനക്കാർ പറയുന്നു. എന്നാൽ മിക്ക വാണിജ്യകേന്ദ്രങ്ങളിലും പുതിയ സ്റ്റോക്കില്ലാത്തതിനാൽ കാർഡുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. സൂപ്പർ മാർക്കറ്റുകളിലാണ് കൂടുതലായും ക്രിസ്മസ് കാർഡുകൾ ലഭിക്കുന്നത്.
പണ്ട് രണ്ടുരൂപ മുതൽ 100 രൂപ നിരക്കിൽ വിവിധ വലുപ്പത്തിലും ഡിസൈനുകളിലും കാർഡുകൾ വിപണിയിലുണ്ടായിരുന്നു. എന്നാലിപ്പോൾ സാധാരണ വലുപ്പത്തിൽ 20 രൂപ വിലവരുന്ന കാർഡുകളാണ് വിപണിയിലുള്ളത്. ആവശ്യക്കാർ കുറഞ്ഞതിനാലാണ് പുതിയ കാർഡുകൾ വിപണിയിൽ ഇറക്കാത്തതെന്നാണ് വിൽപ്പനക്കാർ പറയുന്നു.
ക്രിസ്മസിന് സാമൂഹിക മാധ്യമങ്ങൾ വഴി സന്ദേശങ്ങൾ അയക്കുമെങ്കിലും അടുത്ത സുഹൃത്തുക്കൾക്ക് കാർഡുകൾ നൽകുന്നതിന്റെയും ലഭിക്കുന്നതിന്റെയും അനുഭവം ഒന്നുവേറെ തന്നെയാണെന്നാണ് വിദ്യാർഥികളുടെ പക്ഷം.