ഞാറ്റാടിയിൽ പശുവിനെ കൊന്നു, വളഞ്ഞ് ദൗത്യസംഘം; പിടികൊടുക്കാതെ കടുവ

സുൽത്താൻബത്തേരി: എട്ടാംദിവസവും വനംവകുപ്പിന്റെ ശ്രമങ്ങളെ നിഷ്‌പ്രഭമാക്കി കൂടല്ലൂരിലെ കടുവ. ദൗത്യസംഘത്തിന്റെ ഊർജിത ശ്രമങ്ങൾക്കിടെ ശനിയാഴ്ച ഞാറ്റാടിയിലെത്തിയ കടുവ തൊഴുത്തിൽ കെട്ടിയ പശുവിനെ കൊന്നു. തിരച്ചിലിനിടയിൽ വാളവയൽ ചൂണ്ടിയാനിവയലിൽ പുല്ലരിയുകയായിരുന്ന കർഷകർ വൈകീട്ട് അഞ്ച് മണിയോടെ കടുവയെ വീണ്ടും കണ്ടു.
തുടർന്ന് കടുവയെ വെടിവെക്കാനുള്ള തയ്യാറെടുപ്പുമായി ദൗത്യ സംഘം എത്തിയെങ്കിലും മറ്റൊരുഭാഗത്തേക്ക് കടന്നു. ഒന്നരമണിക്കൂറോളം സമയം കടുവയെ വളഞ്ഞ് വയലിൽ നിലയുറപ്പിച്ചെങ്കിലും വനംവകുപ്പിന് വെടിവെക്കാനായില്ല. രാത്രി ഏഴുമണിയോടെ ദൗത്യമവസാനിപ്പിച്ച് തിരികെ പോരേണ്ടിവന്നു. ജനവാസമേഖലയായതിനാൽ വെടിവെക്കാനുള്ള ദൗത്യം പ്രതിസന്ധിയിലാകുകയായിരുന്നു.
ശനിയാഴ്ച രാത്രി വാകയിൽ സന്തോഷിന്റെ രണ്ടരവയസ്സ് പ്രായമുള്ള ഗർഭിണിയായ പശുവിനെയാണ് രാത്രി 11-ഓടെ കടുവ പിടികൂടിയത്. ബഹളംകേട്ട് വീട്ടുകാർ വാതിൽതുറന്ന് നോക്കിയപ്പോൾ കടുവ പശുവിനെ വലിച്ചുകൊണ്ടുപോകുന്നതാണ് കണ്ടത്. അയൽവാസികളും വീടിന് സമീപത്തെത്തി ഒച്ചയുണ്ടാക്കിയതോടെയാണ് കടുവ പിന്മാറിയത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റ പശു തൽക്ഷണം ചത്തു.
ക്ഷീരകർഷകനെ കടുവ കൊന്ന കൂടല്ലൂരിൽനിന്ന് നാല് കിലോമീറ്റർ ചുറ്റളവിലാണ് ശനിയാഴ്ച കടുവ പശുവിനെ കൊന്നത്. വനംവകുപ്പ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ നരഭോജി കടുവതന്നെയാണ് ഇവിടെയെത്തിയതെന്ന് സ്ഥിരീകരിച്ചു. കടുവയെ പിടികൂടുന്നതിനായി സന്തോഷിന്റെ വീട്ടിൽനിന്ന് ഇരുപതുമീറ്റർ മാറി ഒരു കൂടുകൂടി ഞായറാഴ്ച പതിനൊന്നുമണിയോടെ സ്ഥാപിച്ചു. ഇതിൽ കടുവ പിടികൂടിക്കൊന്ന പശുവിന്റെ ജഡമാണ് ഇരയായി വെച്ചിരിക്കുന്നത്.
ഇതോടെ കടുവയെ പിടികൂടാൻ അഞ്ചാമത്തെ കൂടായി. പ്രദേശത്ത് തന്നെ തുടരുന്ന കടുവ വളർത്തുമൃഗത്തെകൂടി പിടികൂടി കൊല്ലുകയും പകൽസമയത്തും കടുവയെ കാണുകയും ചെയ്തതോടെ പ്രദേശവാസികൾ വലിയഭീതിയിലാണ്. ഉത്തരമേഖല സി.സി.എഫ്. കെ.എസ്. ദീപ, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരിം, നോർത്ത് വയനാട് ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ, ചെതലയം റെയ്‌ഞ്ച് ഓഫീസർ കെ. അബ്ദുൾസമദ്, ഡോ. അരുൺ സക്കറിയ, ഡോ. അജേഷ് മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ പിടികൂടാനുള്ള ദൗത്യം നടത്തിയത്. കണ്ണൂർ ഡി.എഫ്.ഒ. അജിത് കെ. രാമനും സ്ഥലത്തെത്തി.
കടുവയെ പിടിക്കാനായി കല്ലൂര്‍ക്കുന്നില്‍ കൂട് എത്തിച്ചപ്പോള്‍
അരിച്ചുപെറുക്കി ദൗത്യസംഘം
നരഭോജി കടുവയ്ക്കായി വാകേരി കൂടല്ലൂർ, കല്ലൂർകുന്ന്, ഞാറ്റാടി, വാളവയൽ, ചോലമ്പത്ത് വയൽപ്രദേശങ്ങൾ അരിച്ചുപെറുക്കുകയാണ് നൂറോളംപേരടങ്ങുന്ന ദൗത്യസംഘം. ക്ഷീരകർഷകനായ പ്രജീഷിനെ കൊന്ന് ഒമ്പതുദിവസം പിന്നിട്ടിട്ടും കടുവയെ കണ്ടെത്താനായില്ലെന്നത് വലിയ നിരാശയാണ് പ്രദേശവാസികളിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടയിൽ കടുവ പ്രദേശത്തെ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും ആളുകളുടെ മുമ്പിലെത്തുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്. ജാഗ്രതാനിർദേശം നൽകിയുള്ള തിരച്ചിലാണ് കല്ലൂർകുന്ന്, ഞാറ്റാടി, തൊണ്ണൂറേക്കർ, വാളവയൽ ഭാഗങ്ങളിൽ വനംവകുപ്പ് നടത്തുന്നത്. വിശ്രമമില്ലാത്ത ജോലിയിലാണ് വനപാലകരുമുള്ളത്.
കടുവയെ നേരിൽക്കണ്ട ഞെട്ടൽമാറാതെ എട്ടുവയസ്സുകാരി
കടുവയെ നേരിൽക്കണ്ട ഞെട്ടലിൽ മൂന്നാംക്ലാസുകാരി. പാപ്ലശ്ശേരി മുസ്ലിം പള്ളിക്കുസമീപം താമസിക്കുന്ന കോയേരി അബൂബക്കറിന്റെയും സാജിതയുടെയും മകൾ അൻഷിതയാണ് കടുവയെ നേരിൽക്കണ്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുമുറ്റത്ത് നിന്നിരുന്ന അൻഷിത സമീപത്തെ തോട്ടത്തിലൂടെ നടന്നുനീങ്ങുന്ന കടുവയെയാണ് കണ്ടത്. ഉടനെ വീട്ടുകാരെ വിവരം അറിയിച്ചു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ സമീപത്തെ തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.
കടുവ കൊന്ന പശുവിന്റെ ജഡം സൗത്ത് വയനാട് ഡി.എഫ്.ഒഒ ഷജ്‌നാ കരീമിന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു
വർഗീസും ആനീസും കടുവയുമായി മുഖാമുഖം
ചൂണ്ടിയാനിവയലിൽ പുല്ലരിയുകയായിരുന്ന ആണ്ടൂർ വർഗീസും ഭാര്യ ആനീസുമാണ് കടുവയുടെ മുൻപിൽപെട്ടത്. പുല്ലരിഞ്ഞുകൊണ്ടിരിക്കുമ്പോൾ അനക്കംകേട്ട് നോക്കിയപ്പോഴാണ് കടുവയുടെ തലകണ്ടത്. കാടുമൂടിയഭാഗത്ത് പതുങ്ങിയിരിക്കുകയായിരുന്നു. ഇവരെക്കണ്ട കടുവ തലയുയർത്തി നോക്കിയതോടെ പേടിച്ചുവിറച്ച വർഗീസും ആനീസും പുല്ലുകെട്ടുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഡി.എഫ്.ഒ. അടക്കമുള്ള ദൗത്യസംഘത്തിലെ മുഴുവനംഗങ്ങളും ഈസമയം സ്ഥലത്തെത്തി. ഒന്നരമണിക്കൂർ കാത്തിട്ടും വെടിവെക്കാനുള്ള അനുകൂലസാഹചര്യം ലഭിച്ചില്ല.
നാട്ടുകാർ പ്രതിഷേധറാലി നടത്തി
മേഖലയിൽ ഭീതിവിതയ്ക്കുന്ന നരഭോജി കടുവയെ വനംവകുപ്പ് പിടികൂടാത്തതിൽ പ്രതിഷേധിച്ച് വാകേരി വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂന്നാനക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളംപേർ പ്രതിഷേധറാലിയിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം കലേഷ് സത്യാലയം, ഫാ. ജെയ്‌സ് പൂതക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി.