രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് നഷ്ടമാകുന്നു; ലൈസന്‍സില്ലാതെ പണിയും

മോട്ടോര്‍ വാഹനവകുപ്പിന്റെ കേന്ദ്രീകൃത വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി.) വിതരണം തടസ്സപ്പെട്ടതു കാരണം വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമാകുന്നു. ഉടമസ്ഥാവകാശം മാറ്റി 14 ദിവസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് രേഖകളില്‍, പുതിയ ഉടമയുടെ പേര് ഉള്‍ക്കൊള്ളിക്കണം. ഇല്ലെങ്കില്‍ പോളിസി അസാധുവാകും. ആര്‍.സി.യാണ് ഇതിന് ഹാജരാക്കേണ്ടത്.
വാഹൻ സോഫ്റ്റ് വെയറിൽ ഓൺലൈൻ അപേക്ഷ പരിഗണിച്ച ദിവസംതന്നെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റപ്പെടും. ഈ തീയതിവെച്ച് ആർ.സി. നൽകേണ്ടത് ഓഫീസ് നടപടിക്രമമാണ്. വീഴ്‌ചവന്നാൽ ഇൻഷുറൻസ് കമ്പനികൾ ഉത്തരവാദിത്വം ഏറ്റെടുക്കില്ല. നവംബർ 23-ന് ശേഷം സംസ്ഥാനത്തെ ആർ.സി., ഡ്രൈവിങ് ലൈസൻസ് വിതരണം നടന്നിട്ടില്ല.
ആറുലക്ഷം കാർഡ് അച്ചടിക്കേണ്ടതുണ്ട്. ഈ കാലയളവിൽ ഉടമസ്ഥാവകാശം മാറ്റിയ ആയിരക്കണക്കിന് വാഹനങ്ങളുടെ ഇൻഷുറൻസ് രേഖകൾ മാറ്റേണ്ട കാലാവധി കഴിഞ്ഞു. ചിലർ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിർത്തിവെച്ചു. ഇൻഷുറൻസ് അസാധുവായത് അറിയാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരും ഒട്ടേറെയാണ്.
വാഹന ഉടമകളിൽനിന്നും ആർ.സി. തയ്യാറാക്കാനുള്ള തുക മുൻകൂർ വാങ്ങുന്നുണ്ടെങ്കിലും, അച്ചടി ഏൽപ്പിച്ച കമ്പനിക്ക് പ്രതിഫലം നൽകുന്നതിൽ വന്ന വീഴ്ചയാണ് വിതരണം തടസ്സപ്പെടാൻ കാരണം. ഏഴുകോടി രൂപ കമ്പനിക്ക് കുടിശ്ശികയുണ്ട്. ടാക്സി വാഹനങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ പുതിയ ആർ.സി. ഹാജരാക്കിയാലേ പെർമിറ്റ് കിട്ടൂ.
നാഷണൽ പെർമിറ്റ് വാഹനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിലെ ചെക്പോസ്റ്റുകളിലും ആർ.സി. ഹാജരാക്കണം. ഉടമസ്ഥാവകാശം മാറ്റി രജിസ്ട്രേഷൻ പുതുക്കേണ്ട വാഹനങ്ങൾക്ക് ആർ.സി. പ്രശ്‌നം കാരണം വൻതുകയാണ് പിഴ നൽകേണ്ടിവരുന്നത്. ആർ.സി. ഹാജരാക്കിയാലേ രജിസ്ട്രേഷൻ പുതുക്കാനാകൂ.
ഡ്രൈവിങ് ലൈസൻസ് വിതരണം മുടങ്ങിയതിനാൽ നിയമനം തടസ്സപ്പെട്ടവരും ഏറെയുണ്ട്. പി.എസ്.സി. പട്ടികയിൽ പെട്ടവർക്ക് രേഖകൾക്കൊപ്പം ലൈസൻസും ഹാജരാക്കേണ്ടതുണ്ട്. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റിനും ലൈസൻസ് വേണം. കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് നിയമനത്തിനും അടിസ്ഥാനരേഖകളിലൊന്ന് ഡ്രൈവിങ് ലൈസൻസാണ്.