രേഖകളില്ലാതെ കടത്തിയ 20 ലക്ഷം രൂപയുമായി ഐ.എൻ.എൽ. ജില്ലാ വൈസ് പ്രസിഡന്റ് അറസ്റ്റിൽ

കാസർകോട്: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപയും അഞ്ചേകാൽ ലക്ഷത്തിന്റെ വിദേശ കറൻസികളുമായി ഐ.എൻ.എൽ. ജില്ലാ വൈസ് പ്രസിഡന്റ് പിടിയിലായി. എരിയാൽ ചൗക്കി സ്വദേശി മുസ്തഫ തോരവളപ്പിലിനെയാണ് (57) കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്യത്. ടൗൺ ഇൻസ്‌പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിൽ കാസർകോട് പഴയ ബസ്‌സ്റ്റാൻഡിലെ ചക്കര ബസാറിന് സമീപം നടന്ന പരിശോധനയിലാണ് ഇയാളെ പിടിച്ചത്.
കാസർകോട് ഡിവൈ.എസ്.പി. പി.കെ. സുധാകരന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. കർണാടക സ്വദേശിയിൽനിന്ന് കടമായി വാങ്ങിയ പണമാണെന്ന് മുസ്തഫ പറഞ്ഞതായും എന്നാൽ ഇതു സംബന്ധിച്ച രേഖകൾ കൈവശമില്ലെന്നും പോലീസ് അറിയിച്ചു. ജാമ്യത്തിൽ വിട്ടയച്ച പ്രതിയോട് തിങ്കളാഴ്ച കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു. എ.എസ്.ഐ. ടി. രാമചന്ദ്രൻ, സി.പി.ഒ. രതീഷ് മയ്യിച്ച, രജീഷ് കാട്ടാമ്പള്ളി, പ്രദീപ്, കെ. ബാബുരാജ്, നിജിൻ കുമാർ, ഡ്രൈവർ പി. ഉണ്ണികൃഷ്ണൻ എന്നിവർ പരിശോധനാസംഘത്തിലുണ്ടായിരുന്നു.