വയോധിക ദമ്പതിമാരെ കത്തിമുനയിൽ നിർത്തി മുഖംമൂടി സംഘം; വജ്രം ഉൾപ്പെടെ എട്ട് പവൻ കവർന്നു

Share our post

പരവനടുക്കം (കാസർകോട്‌): ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ താമസിക്കുന്ന വയോധിക ദമ്പതിമാരെ കത്തിമുനയിൽ നിർത്തി മൂന്നംഗ മുഖംമൂടി സംഘം വജ്രംപതിച്ച കമ്മൽ ഉൾപ്പെടെ എട്ട് പവൻ കവർന്നു.

പരവനടുക്കം കൈന്താർ കോടോത്ത് ഹൗസിൽ കോടോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (78), ഭാര്യ മേലത്ത് തങ്കമണി (68), ബന്ധു കാഞ്ഞങ്ങാട് സൗത്തിലെ എം.ഗോപാലകൃഷ്‌ണൻ (65) എന്നിവരാണ് അതിക്രമത്തിനിരയായത്. വെള്ളിയാഴ്ച‌ അർധരാത്രിയോടെയാണ് സംഭവം.

മുഖംമൂടി ധരിച്ച സംഘം വീടിൻ്റെ പിറകുവശത്തെ ഓടിളക്കി നേരത്തേ അകത്ത് കയറിപ്പറ്റിയതായാണ് സംശയിക്കുന്നത്. കുഞ്ഞിക്കണ്ണൻ നമ്പ്യാർ ശൗചാലയത്തിലേക്ക് പോയപ്പോഴായിരുന്നു ആക്രമണം. ബഹളം കേട്ട് തങ്കമണി മുറിയിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് കൈകൾ തുണികൊണ്ട് കെട്ടി കത്തിമുനയിൽ നിർത്തിയ ഭർത്താവിനെ കണ്ടത്.

പണവും സ്വർണവുമെടുക്കാൻ ആംഗ്യത്തിലൂടെ അവർ തങ്കമണിയോട് ആവശ്യപ്പെട്ടു. കത്തിമുന തനിക്കുനേരേ വന്നപ്പോൾ അവർ സ്വർണവള ഊരിനൽകി. പിന്നാലെ മുറിയിലും മുകൾനിലയിലും അലമാരകളിലുണ്ടായിരുന്ന ആഭരണങ്ങളും കൈക്കലാക്കി സംഘം രക്ഷപ്പെട്ടു. മുകൾനിലയിൽ ഉറങ്ങുകയായിരുന്ന ഗോപാലകൃഷ്‌ണൻ പുറത്തിറങ്ങി ചെറുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി പി. ബിജോയ്, ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി. മനോജ്, ഇൻസ്പെക്ട‌ർമാരായ ടി. ഉത്തംദാസ്, യു.പി. വിപിൻ, വി. ഉണ്ണികൃഷ്ണ‌ൻ എന്നിവരും ഫൊറൻസിക്, ഡോഗ് സ്ക്വാഡ് വിഭാഗവും സംഭവസ്ഥലം സന്ദർശിച്ചു. ബേക്കൽ ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!