പ്രവീണിനും കുടുംബത്തിനും സ്നേഹത്തണലൊരുക്കി ആറളത്തെ കുടുംബശ്രീകൾ

ആറളം : കൂട്ടക്കളത്തെ തുമ്പത്ത് പ്രവീണിനും കുടുംബത്തിനും ഇനി കുടുംബശ്രീയുടെ സ്നേഹത്തണലിൽ അന്തിയുറങ്ങാം. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആറളം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചത്. ആറളം പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയാണ് സ്നേഹവീട് നിർമാണത്തിനുള്ള തുക കണ്ടെത്തിയത്.
മരത്തിൽനിന്ന് വീണ് കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട പ്രവീണിനും കുടുംബത്തിനുമാണ് വീട് നിർമിച്ചുനൽകിയത്. സ്നേഹവീടിന്റെ താക്കോൽ കൈമാറൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. ആറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. എം. സുർജിത് എന്നിവർ വിശിഷ്ടാതിഥികളായി. കുടുംബശ്രീ സി.ഡി.എസ്. മെമ്പർ സെക്രട്ടറി കെ. പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു.