പൂട്ടിയിട്ട വീടിന്റെ കിണറ്റിലെ മൃതദേഹം കുറുവ സ്വദേശിയുടേതെന്ന് സൂചന

കണ്ണൂർ : തളാപ്പ് എസ്.എൻ. വിദ്യാമന്ദിറിന് സമീപം പൂട്ടിയിട്ട വീടിന്റെ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം കുറുവയിലെ അമ്പത്തഞ്ചുകാരന്റേതാണെന്ന് സൂചന. കുറെക്കാലം മുമ്പ് വീടുവിട്ടിറങ്ങിയ ഇദ്ദേഹം നാടൻ പണികൾചെയ്ത് കഴിഞ്ഞുകൂടുകയായിരുന്നു. ഷർട്ടിൽനിന്ന് ലഭിച്ച തുന്നൽ ഷോപ്പിന്റെ പേരുവെച്ച് അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. മൃതദേഹം കണ്ട സ്ഥലത്തിനടുത്തുള്ളവരാണ് ഇദ്ദേഹത്തെക്കുറിച്ച് സൂചന കൊടുത്തത്. ഈ പ്രദേശങ്ങളിൽ ജോലിക്ക് ചെല്ലാറുണ്ടായിരുന്നു. കിണറ്റിൽ മുങ്ങിമരിച്ചതാണെന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പരിശോധനയിൽ വ്യക്തമായത്. മറ്റുകാരണങ്ങൾ സംശയിക്കേണ്ട സാഹചര്യമില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.