ഇരിട്ടി പരിപ്പുതോട് പാലത്തിന് ശിലയിട്ടു; ചെലവ് ഒരുകോടി

ഇരിട്ടി : പ്രളയം കഴിഞ്ഞ് നാലുവർഷത്തിന് ശേഷം പരിപ്പുതോടിന് കുറുകെ പുതിയ പാലത്തിനായി ശിലാസ്ഥാപനം നടത്തി. 2018-ലെ പ്രളയത്തിലാണ് പാലം പൂർണമായും തകർന്നത്. റീബിൽഡ് കേരളയിൽ പാലം നിർമിക്കുമെന്ന പ്രതീക്ഷയുമായി കാത്തിരുന്ന പ്രദേശവാസികൾ നിരാശയിലായിരുന്നു.
മലവെള്ളപ്പാച്ചിലിൽ വലിയ മരങ്ങൾ തട്ടിയാണ് പാലം തകർന്നത്. ഇതോടെ വിയറ്റ്‌നാം ഗ്രാമം ഒറ്റപ്പെട്ടു. നാട്ടുകാർ താത്കാലിക പാലം നിർമിച്ച് തോട് കടക്കുകയായിരുന്നു. ഇത് മഴക്കാലത്ത് ഒഴുകിപ്പോകുന്നതിനാലുണ്ടാകുന്ന പ്രയാസം ചെറുതല്ലായിരുന്നു. പുതിയ പാലം 1.5 കോടി രൂപയിലാണ് നിർമിക്കുന്നത്. സംസ്ഥാന സർക്കാർ 38 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 37 ലക്ഷം രൂപയും ആറളം പഞ്ചായത്ത് 30 ലക്ഷം രൂപയും നൽകിയാണ് പാലം നിർമിക്കുന്നത്. 17 മീറ്റർ നീളത്തിൽ എട്ടു മീറ്റർ വീതിയിലാണ് പാലം.
പാലത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ തറക്കല്ലിട്ടു. നിർമാണത്തിന് ഒരുവർഷം കാലാവധി ഉണ്ടെങ്കിലും കാലവർഷത്തിൽ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് വളരെ വേഗത്തിൽ നിർമാണം പൂർത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കരാറുകാരനോട് അഭ്യർത്ഥിച്ചു.
ആറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ മുഖ്യാതിഥിയായി. ആറളം പഞ്ചായത്ത് വൈസ് പ്രസിഡൻര് കെ.ജെ. ജെസി മോൾ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം വി. ശോഭ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഇ.സി. രാജു, ജോസഫ് അന്ത്യാംകുളം, വത്സ ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വൈ.വൈ. മത്തായി, പഞ്ചായത്ത് സെക്രട്ടറി എം.എ. ആന്റണി, അസി. എൻജിനിയർ ഇബ്‌നു മസൂദ്, കെ.ടി. ജോസ്, എ.ഡി. ബിജു, ശങ്കർ സ്റ്റാലിൻ, ജിമ്മി അന്തീനാട്ട്, വിപിൻ തോമസ്, റസാക്ക്, ജോസഫ് തടത്തിൽ, മാത്തുക്കുട്ടി പന്തപ്ലാക്കൽ, മനീഷ് തോമസ് എന്നിവർ സംസാരിച്ചു.