മദ്യപിച്ചെത്തിയ മകൻ അമ്മയെ വെട്ടിക്കൊന്നു; സംഭവം തൃശ്ശൂരിൽ

തൃശ്ശൂര്‍: കൈപ്പറമ്പില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശി 68-കാരിയായ ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകന്‍ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സന്തോഷ് മദ്യപിച്ച് വീട്ടിലെത്തിയതിനേത്തുടർന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അമ്മയെ വെട്ടിയ ശേഷം സന്തോഷ് തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. പേരാമംഗലം പോലീസെത്തിയാണ് ചന്ദ്രമതിയെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
നേരത്തെ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും എന്താണ് പെട്ടെന്നുണ്ടായ പ്രകോപനമെന്നറിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സന്തോഷിനെ ചോദ്യം ചെയ്തുവരികയാണ്.