സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Share our post

സംസ്ഥാന സര്‍ക്കാരിന്റെ 2022ലെ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍, ടി വി വാര്‍ത്താ റിപ്പോര്‍ട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടി .വി ന്യൂസ് പ്രസന്റര്‍, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ട് എന്നിവയ്ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പര്‍ശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളില്‍ അനുകരണീയ മാതൃകകള്‍ പ്രകാശിപ്പിക്കുന്നതുമായ ടി വി റിപ്പോര്‍ട്ടുകള്‍ക്കാണ് സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിങ് അവാര്‍ഡ് നല്‍കുന്നത്.

വികസനോന്മുഖ റിപ്പോര്‍ട്ടിങ്, ജനറല്‍ റിപ്പോര്‍ട്ടിങ്, കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനല്‍ കട്ടിങ്ങും മൂന്നു പകര്‍പ്പുകള്‍ കൂടി അയയ്ക്കണം. വാര്‍ത്താ ചിത്രത്തിന്റെ നാല് വലിയ പ്രിന്റുകളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയക്കണം.
ടി വി വാര്‍ത്താ റിപ്പോര്‍ട്ടില്‍ മലയാളം ടി വി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കേണ്ടത്. ഒരു വാര്‍ത്ത പലഭാഗങ്ങളായി നല്‍കാതെ സമഗ്രസ്വഭാവത്തോടെ ഒരു വാര്‍ത്താ റിപ്പോര്‍ട്ടായാണ് സമര്‍പ്പിക്കേണ്ടത്. ടി വി അവാര്‍ഡുകളിലെ എന്‍ട്രികള്‍ ഡി വി ഡി യിലോ (മൂന്നു കോപ്പി), പെന്‍ഡ്രൈവിലോ നല്‍കാം. എന്‍ട്രിയോടൊപ്പം ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവ എഴുതി നല്‍കണം.

പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനല്‍ എന്നിവയുടെ പേര്, തിയതി, മാധ്യമപ്രവര്‍ത്തകന്റെ കളര്‍ ഫോട്ടോ, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ ബയോഡാറ്റ എന്‍ട്രിയോടൊപ്പം മറ്റൊരു പേജില്‍ ചേര്‍ത്തിരിക്കണം. ഒരു വിഭാഗത്തിലേക്ക് ഒരു എന്‍ട്രി മാത്രമായിരിക്കും പരിഗണിക്കുന്നത്. ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എന്‍ട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത് മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എന്‍ട്രി അപേക്ഷകന്‍ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം.

എന്‍ട്രികള്‍ ഡിസംബര്‍ 20ന് വൈകിട്ട് അഞ്ചു മണിക്കകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തില്‍ ലഭിക്കണം. അവാര്‍ഡ് സംബന്ധിച്ച മാര്‍ഗരേഖ www.prd.kerala.gov.in ല്‍ പരിശോധിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!