സംസ്ഥാനത്ത് പാലിന്റെ ഉത്‌പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് തീറ്റപ്പുല്‍ക്കൃഷിക്ക് ഊന്നല്‍ നല്‍കി പുതിയനയം രൂപവത്കരിക്കുന്നു. കരടുനയം തയ്യാറാക്കാന്‍ നാല് സമിതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഓരോ പ്രദേശത്തിനും അനുയോജ്യമായ പുല്ലിനങ്ങള്‍ തീരുമാനിക്കുകയും കൃഷിഭൂമിയുടെ വിസ്തൃതി വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.
കന്നുകാലികള്‍ക്ക് ഗുണമേന്മയുള്ള തീറ്റയുടെ ക്ഷാമമാണ് കേരളത്തില്‍ പാൽ ഉത്‌പാദനം വര്‍ധിപ്പിക്കുന്നതിനുള്ള തടസ്സമെന്നാണ് വിലയിരുത്തല്‍. കര്‍ഷകര്‍ ക്ഷീരമേഖല വിട്ടുപോകുന്നതിനും യുവതലമുറ ഇതിലേക്ക് കടന്നുവരാത്തതിനും കാരണവുമിതാണ്. ഫാക്ടറികളില്‍ ഉത്‌പാദിപ്പിക്കുന്ന സാന്ദ്രീകൃത കാലിത്തീറ്റയുടെ ഉപയോഗം പരമാവധി കുറയ്ക്കാനും കന്നുകാലികള്‍ക്ക് പ്രകൃതിദത്തമായ പുല്ല് നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയനയം ലക്ഷ്യംവയ്ക്കുന്നത്. അതിലൂടെ കൂടുതല്‍ കൊഴുപ്പും ഗുണമേന്മയുമുള്ള പാല്‍ ഉത്‌പാദിപ്പിക്കാനും ഉത്‌പാദനച്ചെലവ് കുറയ്ക്കാനുമാകും. വിപുലമായ സര്‍വേയും ഇതിന്റെ ഭാഗമായി നടക്കും.
സംസ്ഥാനത്ത് 13.42 ലക്ഷം കന്നുകാലികളാണുള്ളത്. അവയ്ക്ക് തീറ്റ ലഭ്യമാക്കാന്‍ 60,000 ഹെക്ടറില്‍ പുല്‍ക്കൃഷി ആവശ്യമാണ്. നിലവില്‍ 20,000 ഹെക്ടറില്‍ താഴെമാത്രമേ കൃഷിയുള്ളൂവെന്നാണ് ക്ഷീരവികസനവകുപ്പിന്റെ കണക്ക്. കാലിത്തീറ്റയ്ക്ക് അടിക്കടി വിലകൂടുന്നതിനാല്‍ പശുവളര്‍ത്തല്‍ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. തീറ്റപ്പുല്ലിനും കാലിത്തീറ്റയ്ക്കും അന്യസംസ്ഥാനങ്ങളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. കര്‍ണാടകത്തിലെ ചാമരാജ് ജില്ലയില്‍നിന്ന് ചോളത്തണ്ട് കൊണ്ടുവരുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത് മലബാര്‍ മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. അവിടെ തീറ്റയ്ക്ക് ക്ഷാമം നേരിടുമെന്നു പറഞ്ഞാണ് കളക്ടര്‍ നിരോധനമേര്‍പ്പെടുത്തിയത്.
സാധാരണ പുല്ല് വളര്‍ത്തിയാല്‍ ആവശ്യമുള്ളത്ര ഗുണമേന്മയുള്ള തീറ്റ കിട്ടില്ലെന്ന് ക്ഷീരവികസനവകുപ്പ് അധികൃതര്‍ പറയുന്നു. ഹൈബ്രിഡ് ഇനങ്ങളിലെ പുല്ലുകളാണ് വച്ചുപിടിപ്പിക്കുക. ഹൈബ്രിഡ് നേപ്പിയറാണ് സാധാരണ കൃഷി ചെയ്യുന്ന ഇനം. എന്നാല്‍ ചതുപ്പിലും ചോലയിലും ഇത് അനുയോജ്യമല്ല. വൈക്കോലിനും പുല്ലിനും പുറമേ വാഴ, ചക്ക, പാള, പുളിങ്കുരു, പൈനാപ്പിൾ തുടങ്ങി പ്രാദേശികമായി ഉപയോഗിക്കുന്ന തീറ്റയിനങ്ങളും പ്രോത്സാഹിപ്പിക്കും.
പാല്‍ ഉത്‌പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തീറ്റപ്പുല്‍ക്കൃഷി നയമുണ്ടാക്കുന്നത്. കരടുനയം തയ്യാറാക്കുന്നതിന് ക്ഷീരവികസന ഉദ്യോഗസ്ഥരുടെ 15 അംഗ സമിതിയും എട്ടംഗ ഉപദേശകസമിതിയും മൂന്നംഗ വെറ്റിങ് സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി, ക്ഷീരവികസന ഡയറക്ടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഉന്നതാധികാരസമിതിയുമുണ്ട്. സംസ്ഥാനത്തെ വെറ്ററിനറി സര്‍വകലാശാലയുടെയും തമിഴ്‌നാട്ടിലെ കാര്‍ഷിക സര്‍വകലാശാലയുടെയും സഹകരണവും തേടിയിട്ടുണ്ട്.