കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത; ബൈപ്പാസ് റോഡുകളുടെ പരിശോധന തുടങ്ങി

കേളകം: നിർദ്ദിഷ്ട മാനന്തവാടി – കണ്ണൂർ വിമാനത്താവളം റോഡിന്റെ ഭാഗമായുള്ള ബൈപാസ് റോഡുകളുടെ കല്ലിട്ട ഇടങ്ങളില്‍ സംയുക്ത പരിശോധന ആരംഭിച്ചു. റവന്യൂ അധികൃതരും കേരളാ റോഡ് ഫണ്ട് ബോര്‍ഡും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ആദ്യ ഘട്ടത്തിൽ കേളകം ബൈപ്പാസ് റോഡിന്റെ പരിശോധനയാണ് വെള്ളിയാഴ്ച നടന്നത്.
കേളകം വില്ലേജ് ഓഫീസിന് സമീപം മെയിന്‍ റോഡില്‍ നിന്ന് ബൈപാസ് ആരംഭിക്കുന്ന സ്ഥലത്ത് നിന്നുമാണ് പരിശോധന ആരംഭിച്ചത്. വില്ലേജ് ഓഫീസിന് സമീപത്ത് നിന്നുമാരംഭിച്ച് മഞ്ഞളാംപുറം സാന്‍ജോസ് പള്ളി വരെ 1.2 കിലോമീറ്റര്‍ ദൂരമാണ് കേളകം ബൈപാസിനുളളത്. കെ.ആര്‍.എഫ്.ബി കല്ലിട്ട പ്രദേശങ്ങളിലെ സ്ഥലമുടമകളുടെ സര്‍വേ നമ്പര്‍ പരിശോധിച്ചു. കേളകത്തെ പരിശോധന പൂര്‍ത്തിയായി. ഇനി പേരാവൂർ ബൈപ്പാസ് റോഡാണ് പരിശോധിക്കുക.
സംയുക്ത പരിശോധന പൂര്‍ത്തിയായ ശേഷം ഫോര്‍ വണ്‍ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങും. തുടര്‍ന്ന് പാരിസ്ഥിതികാഘാത പഠനമുള്‍പ്പെടെയുളള നടപടി ക്രമങ്ങള്‍ ആരംഭിക്കും. ലാൻഡ് ആക്വൈസിഷൻ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജീന എം.തോമസ്, റവന്യൂ ഇന്‍സ്‌പെക്ടര്‍മാരായ രമാദേവി, എന്‍.കെ. സന്ധ്യ, എന്‍.ജെ. ഷിജോ, കെ.ആര്‍.എഫ്.ബി സൈറ്റ് സൂപ്പര്‍വൈസര്‍മാരായ കെ. ഡിജേഷ്, വിഷ്ണു ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് കേളകത്തെ പരിശോധന പൂര്‍ത്തിയാക്കിയത്.