80 കാരിയെ മരുമകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: തേവലക്കരയില്‍ 80 കാരിയായ ഭര്‍തൃമാതാവിനെ സ്‌കൂള്‍ അധ്യാപികയായ മരുമകള്‍ ഉപദ്രവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ഒരു വര്‍ഷം മുമ്പ് നടന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. വീടിനകത്ത് മക്കളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം. ഇതിന് പിന്നാലെ ഇന്നലെ വൈകീട്ടും ആക്രമണമുണ്ടായി. മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും തൊഴിച്ചെന്നും ഷൂസിട്ട കാലുകൊണ്ട് കൈ ചവിട്ടിയെന്നും കമ്പി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ കൈയ്ക്ക് പൊട്ടലുണ്ടായെന്നുമാണ് പരാതി.
പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെയാണ് 80 വയസുകാരി ഏലിയാമ്മ വര്‍ഗീസ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മകള്‍ മഞ്ജുമോള്‍ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.