തൂക്കുവൈദ്യുതിവേലി; കൊട്ടിയൂരിൽ ആലോചനായോഗം ചേർന്നു

കൊട്ടിയൂർ : വന്യമൃഗശല്യം രൂക്ഷമായ കൊട്ടിയൂർ പഞ്ചായത്തിലെ വനാതിർത്തികളിൽ തൂക്ക് വൈദ്യുതിവേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനായോഗം നടന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷനായി. പഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് തൂക്ക് വൈദ്യുതിവേലി സ്ഥാപിക്കുന്നത്. 40 ലക്ഷം രൂപയാണ് ഇതിനായുള്ളത്. ഇതുപയോഗിച്ച് ഏകദേശം നാലുകിലോമീറ്റർ മുതൽ അഞ്ചുകിലോമീറ്റർ ദൂരത്തിൽ തൂക്ക് വൈദ്യുതിവേലിയിടാൻ സാധിക്കും.
ഇത് സ്ഥാപിക്കാൻ വനംവകുപ്പിനെ ഏല്പിക്കാനാണ് തീരുമാനം. നിലവിൽ വന്യജീവിശല്യം അതിരൂക്ഷമായിട്ടുള്ള പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലാണ് ആദ്യഘട്ടത്തിൽ തൂക്ക് വൈദ്യുതിവേലി ഇടാൻ തീരുമാനിച്ചിരിക്കുന്നത്.
കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ സുധീർ നരോത്ത്, എസ്.എഫ്.ഒ. സജീവ് കുമാർ, എസ്.എഫ്.ഒ. എം.മനോജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫലോമിന തുമ്പൻതുരുത്തിയിൽ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.