കോൺഗ്രസ് -ലീഗ് ഭിന്നത പരിഹാരത്തിലേക്ക്: കോർപ്പറേഷനിൽ അധികാരം കൈമാറും

കണ്ണൂർ: മേയർ സ്ഥാനം വിട്ടുകിട്ടണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തിന് വഴങ്ങാൻ കോൺഗ്രസിൽ തീരുമാനമായതോടെ ഈ മാസം അവസാനം കോർപറേഷനിൽ അധികാരകൈമാറ്റം ഉറപ്പായി. ആവശ്യം ഉന്നയിച്ച് ലീഗ് ജില്ലാ ഘടകം ഡി.സി.സി പ്രസിഡന്റിന് കത്ത് നൽകിയതിന് പിന്നാലെയാണ് തീരുമാനം. നാളുകളായി ഈ വിഷയത്തിന്മേൽ പെട്ട് ജില്ലയിൽ കോൺഗ്രസ് -ലീഗ് ബന്ധം അസുഖകരമായ അവസ്ഥയിലായിരുന്നു.
മേയർ പദവിയിൽ കോൺഗ്രസ് ഭരണം മൂന്ന് വർഷം പൂർത്തിയാക്കിയ സ്ഥിതിക്ക് അടുത്ത രണ്ട് വർഷം തങ്ങൾക്ക് വേണമെന്നതിൽ വിട്ടുവീഴ്ച വേണ്ടെന്ന അഭിപ്രായമാണ് ലീഗിന്റെ സംസ്ഥാന നേതൃത്വത്തിനടക്കമുള്ളത്. ഇരു പാർട്ടികൾക്കും രണ്ടര വർഷം അധികാരമെന്ന ധാരണയോടെയായിരുന്നു കോർപ്പറേഷനിൽ ഭരണം ആരംഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ ടേം പൂർത്തിയായ ജൂണിൽ തന്നെ ലീഗ് തങ്ങളുടെ ആവശ്യമുന്നയിച്ചിരുന്നു. കോൺഗ്രസ് അതിന് വഴങ്ങാതിരുന്നതോടെ കോൺഗ്രസും ലീഗും തമ്മിൽ ഭിന്നിപ്പ് ഉടലെടുത്തു.
മുന്നണിയെ കെട്ടുറപ്പോടുകൂടി നിലനിർത്തേണ്ട ഉത്തരവാദിത്വമുള്ള കോൺഗ്രസിന് പ്രശ്‌നം പരിഹരിക്കണമെന്ന താല്പര്യം ഇല്ലാത്തത് ദൗർഭാഗ്യകരമാണെന്ന് ലീഗ് ജില്ലാ നേതൃത്വം തുറന്നടിച്ചിരുന്നു. തീരുമാനം വൈകിയതോടെ കോർപറേഷനിലെ യു.ഡി.എഫ് പരിപാടികൾ ലീഗ് ബഹിഷ്‌കരിക്കുക പോലുമുണ്ടായി.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പങ്കെടുത്ത രാഷ്ട്രീയ വിശദീകരണയോഗത്തിൽ നിന്ന് മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാക്കൾ തന്നെ വിട്ടുനിന്നിരുന്നു. ഇതെ തുടർന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നേരിട്ടെത്തി നടത്തിയ ചർച്ചയിലാണ് അധികാര കൈമാറ്റത്തിൽ തീരുമാനമായത്. മൂന്ന് വർഷം പൂർത്തിയാകുമ്പോൾ മേയർ പദവി കൈമാറാമെന്ന അന്നത്തെ ധാരണയാണ് ഇപ്പോൾ പാലിക്കപ്പെടുന്നത്.
യു.ഡി.എഫിന്റെ ഏക കോർപറേഷൻ
സംസ്ഥാനത്ത് കോൺഗ്രസ് ഭരണം കയ്യാളുന്ന ഏക കോർപ്പറേഷനാണ് കണ്ണൂർ. അതിനാൽ നേരത്ത നഗരസഭയിൽ അധികാരം പങ്കിട്ടതുപോലെ കോർപ്പറേഷൻ അദ്ധ്യക്ഷപദവി പങ്കിടാൻ കോൺഗ്രസിന് താത്പര്യമുണ്ടായിരുന്നില്ല. സ്ഥാനം കൈവിടാതിരിക്കാൻ പല ചർച്ചകളും നടത്തിയതിന് ശേഷമാണ് കോൺഗ്രസിന്റെ കീഴടങ്ങൽ. കോർപ്പറേഷനിൽ കോൺഗ്രസിന് 21 അംഗവും ലീഗിന് 14 അംഗമാണുള്ളത്.പാർലിമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്നാം സീറ്റായി കണ്ണൂർ ചോദിക്കാനുള്ള ലീഗിന്റെ നീക്കത്തിന് തടയിടുകയെന്ന ഉദ്ദേശവും മേയർ സ്ഥാനം കൈമാറുന്നതിലുണ്ട്.
കോർപ്പറേഷൻ സീറ്റ് നില
ആകെ സീറ്റ് 55
യു.ഡി.എഫ്33
കോൺഗ്രസ് 21
മുസ്ലീം ലീഗ് 14
എൽ.ഡി.എഫ് 19
സി.പി.എം 17
സി.പി.ഐ 2
ബി.ജെ.പി 1