ആശങ്കയൊഴിയുന്നു; മുരിങ്ങോടി മിച്ചഭൂമിയിലെ 42 കുടുംബങ്ങൾക്കും പട്ടയം ലഭിക്കും

Share our post

പേരാവൂർ: പണം നല്കി വാങ്ങിയ ഭൂമിക്ക് കാൽ നൂറ്റാണ്ടായി നികുതിയടക്കാൻ സാധിക്കാതെ ദുരിതത്തിലായ മുരിങ്ങോടിയിലെയും നമ്പിയോട് കുറിച്യൻപറമ്പ് മിച്ചഭൂമിയിലെയും 42 കുടുംബങ്ങളുടെ ആശങ്കകൾ ഒഴിയുന്നു. ഇവർ കൈവശം വെച്ചുവരുന്ന പത്തരയേക്കർ സ്ഥലത്തിനും പട്ടയം നല്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.

ഇത്രയും കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന്റെ ഭാഗമായി പേരാവൂർ വില്ലേജ് ഓഫീസർ റോയ് ചാക്കോയുടെ നേതൃത്വത്തിൽ സ്ഥലത്തിന്റെ അളവെടുപ്പും മഹസർ തയ്യാറാക്കലും അന്തിമഘട്ടത്തിലാണ്. സ്ഥലത്തിന്റെ സ്‌കെച്ച് തയ്യാറാക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ലാൻഡ് ട്രിബൂണൽ തഹസിൽദാറുടെ നിർദേശപ്രകാരം 10.5 ഏക്കർ സ്ഥലം മിച്ചഭൂമിയിൽ നിന്നൊഴിവാക്കി മുഴുവൻ സ്ഥലമുടമകൾക്കും പട്ടയം നല്കാനുള്ള നടപടികളാണ് നടക്കുന്നത്.

1989 നു മുൻപ് എം.പി. കമലാക്ഷിയമ്മയുടെ കൈവശമുള്ള ഭൂമിയിൽ നിന്ന് 14.5 ഏക്കർ സ്ഥലം സർക്കാർ മിച്ചഭൂമിയായി കണ്ടെത്തി ഏറ്റെടുത്തിരുന്നു. ഇതിൽ 10.5 ഏക്കർ ഭൂമി കോടതി വ്യവഹാരത്തിലൂടെ ഉടമക്ക് തന്നെ ലഭിക്കുകയും പ്രസ്തുത ഭൂമി പല ഘട്ടങ്ങളിലായി 42 പേർക്ക് വിൽക്കുകയും ചെയ്തു. അഞ്ച് സെന്റ് മുതൽ ഒരേക്കർ വരെ കൈവശമുള്ളവരുണ്ട്.

കമലാക്ഷിയമ്മ 1989ന്  മുൻപ് കൈമാറിയ ഭൂമിക്ക് 1994 വരെ 42 സ്ഥലമുടമകളും നികുതിയടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, 95 മുതൽ വില്ലേജധികൃതർ നികുതി വാങ്ങുന്നത് നിർത്തുകയും 10.5 ഏക്കർ മിച്ചഭൂമിയിൽ ഉൾപ്പെട്ടതാണെന്ന് സ്ഥലമുടമകളെ അറിയിക്കുകയുമായിരുന്നു. ഇതോടെ ഇവരുടെ സ്ഥലത്തിന് ബാങ്ക് വായ്പയോ മറ്റു സർക്കാർ സഹായങ്ങളോ ലഭിക്കാതെയായി.

പണം നല്കി വാങ്ങിയ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന ഘട്ടമായതോടെ അധികൃതർക്ക് പരാതിയും നിവേദനങ്ങളും നല്കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. മാസങ്ങൾക്ക് മുൻപ് സ്ഥലമുടമകളായ പേക്കമറ്റത്തിൽ തോമസ് ലാൻഡ് ട്രിബൂണലിലും പാലോറാൻ ശ്രീധരൻ നവകേരള സദസിലും പരാതി നൽകുകയും ചെയ്തു.

ഇക്കഴിഞ്ഞ ദിവസമാണ് ഇരിട്ടി താലൂക്ക് തഹസിൽദാർ സി.വി. പ്രകാശന്റെ നിർദേശാനുസരണം വില്ലേജധികൃതർ നടപടികൾ ആരംഭിച്ചത്. പേരാവൂർ വില്ലേജ് ഓഫീസർ റോയ് ചാക്കോ, വില്ലേജ് അസിസ്റ്റന്റ് പ്രിയരഞ്ജൻ, സ്‌പെഷൽ വില്ലേജ് ഓഫീസർ സെമി ഐസക്ക്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരായ സഞ്ജീവൻ മൂർക്കോത്ത്, പി.പി. ഷനീദ് എന്നിവരാണ് പട്ടയം ലഭിക്കാനാവശ്യമായ നടപടികൾക്ക് നേതൃത്വം നല്കുന്നത്.

കഴിഞ്ഞ കാൽനൂറ്റാണ്ടായി കുടിയൊഴിപ്പിക്കൽ ഭീതിയിലായിരുന്ന 42 കുടുംബങ്ങൾ സർക്കാർ നടപടി അനുകൂലമായതോടെ ആഹ്ലാദത്തിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!